മക്ക/മദീന- കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ ഹറമുകളില്‍ ജുമുഅ ദിവസമായ ഇന്നും തിരക്കൊഴിഞ്ഞു.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ഇരുഹറമിലുമെത്തിയ വിശ്വാസികള്‍ പൂര്‍ണമനസ്സോടെ സ്വീകരിച്ചു.
ഇരുഹറമുകളിലും സമ്പൂര്‍ണ സുരക്ഷയും കരുതലുമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഒരിടത്തും ആളുകളെ കൂട്ടംകൂടി നില്‍ക്കാന്‍ സമ്മതിച്ചില്ല. കൂട്ടംകൂടി നില്‍ക്കുന്നവരോടെല്ലാം പിരിഞ്ഞുപോകാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
മസ്ജിദുല്‍ ഹറാമില്‍ 12.33 ന് ആരംഭിച്ച ജുമുഅ ഖുതുബ 12.47ന് അവസാനിച്ചു. പതിവിലും കുടുതല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഹറമില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നു. ഉംറ അനുവദിക്കാത്തതിനെ തുടര്‍ന്ന് മതാഫിലും അധികം തിരക്കുണ്ടായിരുന്നില്ല. മക്കയിലും പരിസരത്തുമുള്ളവര്‍ മാത്രമാണ് നിലവില്‍ ഹറമില്‍ എത്തുന്നത്.
ഉച്ചക്ക് ശേഷം മക്കയില്‍ കനത്ത മഴ പെയ്തു. വൈകിട്ട് വരെ മഴ തുടര്‍ന്നു. കൊറോണ വ്യാപനം കൂടിയതോടെ ഉംറ അടക്കം നിര്‍ത്തിവെച്ചാണ് സര്‍ക്കാര്‍ പ്രതിരോധപ്രര്‍ത്തനം ശക്തമാക്കുന്നത്. ഹറമില്‍ നിരവധി സ്ഥലങ്ങളില്‍ കൈകള്‍ വൃത്തിയാക്കുന്നതിന് സാനിസൈറ്റര്‍ വെച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു.






