സൗദിയില്‍ ഹോട്ടലുകളിലും മറ്റും പൊതുചടങ്ങുകള്‍ വിലക്കി; വീടുകളിലും പാടില്ല

റിയാദ്- കൊറോണ ജാഗ്രതാ നടപടികളുടെ ഭാഗമായി രാജ്യത്തെ വിവാഹ ഓഡിറ്റോറിയങ്ങളിലും ഇസ്തിറാഹകളിലും ഹാളുകളിലും ഹോട്ടലുകളിലും വിവാഹാഘോഷങ്ങള്‍ അടക്കം എല്ലാവിധ പരിപാടികളും  ആഭ്യന്തര മന്ത്രാലയം വിലക്കി.
വിലക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഓഡിറ്റോറിയങ്ങളും മറ്റും വിലക്ക് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പ്രവിശ്യാ ഗവര്‍ണറേറ്റുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി വിലക്ക് എല്ലാവരും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം പാലിച്ച് ഓഡിറ്റോറിയങ്ങള്‍ നേരത്തെ നടത്തിയ ബുക്കിംഗുകള്‍ റദ്ദാക്കുകയാണ്.
വിവാഹങ്ങള്‍ക്ക് നേരത്തെ നടത്തിയ ബുക്കിംഗ് പുതിയ സാഹചര്യത്തില്‍ റദ്ദാക്കിയ കാര്യം ഉപയോക്താക്കളെ ഓഡിറ്റോറിയം അധികൃതര്‍ അറിയിച്ചു തുടങ്ങി.  
മരണാനന്തര അനുശോചന ചടങ്ങുകള്‍ അടക്കം വലിയ തോതില്‍ ആളുകള്‍ പങ്കെടുക്കുന്ന സാമൂഹിക പരിപാടികള്‍ വീടുകളില്‍ നടത്തുന്നതിനെതിരെ ആരോഗ്യ മന്ത്രാലയം എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കി. വേഗത്തില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്ഇത്തരം പരിപാടികള്‍ സാഹചര്യം ഒരുക്കുമെന്ന്  ആരോഗ്യ മന്ത്രാലയം പറഞ്ഞു.

 

Latest News