കൊച്ചിയില്‍ റദ്ദാക്കിയത് 23 അന്താരാഷ്ട്ര സര്‍വീസുകള്‍; സര്‍വ മേഖലയേയും ബാധിച്ചു

നെടുമ്പാശ്ശേരി- കൊച്ചി വിമാനത്താവളത്തില്‍ അന്താരാഷ്ട്ര , ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇവിടെനിന്ന് ദിവസേന സര്‍വീസ് നടത്തിയിരുന്ന 23 അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ശരാശരി 126 സര്‍വീസുകളാണ് കൊച്ചിയില്‍നിന്ന് ദിവസേന ഉണ്ടായിരുന്നത്. യാത്രക്കാരുടെ എണ്ണം മുന്നിലൊന്നായി കുറഞ്ഞിട്ടുണ്ട് . അന്താരാഷ്ട്ര,ആഭ്യന്തര വിമാനങ്ങളിലായി ദിവസേന ശരാശരി 15,000 യാത്രക്കാര്‍ കൊച്ചിയില്‍ വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം ആറായിരത്തില്‍ താഴെയാണ്.

നിലവില്‍ കുവൈത്തിലേക്കുള്ള ഇന്‍ഡിഗോ, കുവൈത്ത് എയര്‍വെയ്‌സ്, ജസീറ എന്നിവയുടെ പത്ത് സര്‍വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. ജിദ്ദയിലേക്കുള്ള സൗദി എയര്‍ലൈന്‍സിന്റെ നാല് സര്‍വീസുകള്‍ നിര്‍ത്തലാക്കി. ക്വാലാംഘം പൂരിലേക്കുള്ള എയര്‍ഏഷ്യ, മലിന്റോ എയര്‍ എന്നിവയുടെ അഞ്ച് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ,ഇന്‍ഡിഗോ എന്നിവയുടെ നാല് സര്‍വീസുകളും  നിര്‍ത്തലാക്കി.
വിമാന സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണം ഗണ്യമായി കുറഞ്ഞത് വിമാനത്താവളത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതികൂലമായി ബാധിച്ചു. പ്രിപെയ്ഡ് ടാക്‌സിക്കാരുടെ ഓട്ടം  ഇവയില്‍ പ്രധാനമാണ്. 600 ലേറെ ടാക്‌സികള്‍ ഇവിടെ പ്രീ പെയ്ഡ് സംവിധാനത്തില്‍  സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാര്‍ കുറഞ്ഞതോടെ ഇതില്‍ മൂന്നില്‍ ഒന്ന് ടാക്‌സികള്‍ക്ക് പോലും  ഓട്ടം കിട്ടുന്നില്ല.വിമാന സര്‍വീസ് സാധാരണ നിലയില്‍ ആയിരുന്നപ്പോള്‍ രണ്ടും മൂന്നും ടേണ്‍ ഓട്ടം കിട്ടിയിരുന്നതാണ്. വിമാനത്താവളത്തിലെ കച്ചവട സ്ഥാപനങ്ങള്‍ പേരിന് തുറന്ന് ഇരിക്കുന്ന അവസ്ഥയാണ്.സിയാലിന്റെ വരുമാനത്തിലും ഗണ്യമായ കുറവുണ്ട്.
കൊച്ചി രാജ്യന്തര വിമാനത്താവളത്തില്‍നിന്ന് വെള്ളിയാഴ്ച്ച 22 യാത്രക്കാരെയാണ് ആലുവ ഗവ. ജില്ലാ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി കൊണ്ടുപോയത്. ഇതില്‍ നാല് പേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. 3219 അന്താരാഷ്ട്ര യാത്രക്കാരെയും 2751 ആഭ്യന്തര യാത്രക്കാരെയുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ പരിശോധിച്ചത് .

പരിശോധന സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുവാന്‍ നാഷണല്‍ ഡിസാസ്റ്റര്‍ റസ്‌പോണ്‍സ് കോഴ്‌സ് ടീം നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ 1000 പേര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇതില്‍ വിവിധ ഏജന്‍സികളിലെയും സിയാലിലേയും ജീവനക്കാര്‍ ഉണ്ടായിരുന്നു. അറുപത് അംഗങ്ങളുള്ള മെഡിക്കല്‍ ടീം 24 മണിക്കൂറും വിമാനത്താവളത്തില്‍ സേവന നിരതരാണ്. ഇതില്‍ 30 ഡോക്ടര്‍മാരും പാരമെഡിക്കല്‍ ജീവനക്കാരുമുണ്ട് . പത്ത് ആംബുലന്‍സ് ക്രമീകരിച്ചിട്ടുണ്ട്.  ചൈന, ഹോങ്കോംഗ് , കൊറിയ ,ജപ്പാന്‍ ,ഇറാന്‍ , സ്‌പെയിന്‍ ,തായ്‌ലന്‍ഡ് ,ഇറ്റലി ,സിംഗപ്പൂര്‍ , മലേഷ്യ ,ഫ്രാന്‍സ് , ജര്‍മനി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായി പ്രത്യേക എയറോ ബ്രിഡ്ജുകള്‍ ക്രമീകരിച്ചാണ് പരിശോധന നടത്തുന്നത് .ഇവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനും നിര്‍ദേശിക്കുന്നുണ്ട്.

 

Latest News