മക്ക- സൗദി അറേബ്യയില്‍ 32 ഈജിപ്തുകാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചത് ഒരാളില്‍നിന്ന്. പുതുതായി രോഗബാധ സ്ഥിരീകരിച്ച 11 ഈജിപ്തുകാര്‍ മക്കയില്‍ ക്വാറന്റൈനിലാണ്. നേരത്തെ രോഗബാധ സ്ഥിരീകരിച്ച ഈജിപ്ഷ്യന്‍ സന്ദര്‍ശകനുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ അതേ സംഘത്തില്‍ പെട്ടവരാണ് ഇവരും.
ഈജിപ്ഷ്യന്‍ സന്ദര്‍ശകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 21 ഈജിപ്തുകാര്‍ക്ക് മക്കയില്‍ രോഗബാധ സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മക്കയില്‍ പുതുതായി 11 ഈജിപ്തുകാര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഈജിപ്ഷ്യന്‍ സന്ദര്‍ശകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെ രോഗം ബാധിച്ച ഈജിപ്തുകാരുടെ എണ്ണം 32 ആയി.
സൗദിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 62 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 17 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെയാണിത്. റിയാദില്‍ രണ്ടു പേര്‍ക്കും അല്‍ഹസയില്‍ ഒരാള്‍ക്കും ജിദ്ദയില്‍ ഒരു സൗദി വനിതക്കും ഖത്തീഫില്‍ രണ്ടു സൗദി വനിതകള്‍ക്കും മക്കയില്‍ പതിനൊന്നു ഈജിപ്തുകാര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
നേരത്തെ രോഗബാധ സ്ഥിരീകരിച്ചയാളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ സൗദി പൗരന് റിയാദില്‍ രോഗം ബാധിച്ചിട്ടുണ്ട്. ഇദ്ദേഹം റിയാദ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പോര്‍ച്ചുഗലില്‍ നിന്ന് തുര്‍ക്കി വഴി റിയാദിലെത്തിയ വിദേശിക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെയും റിയാദ് ആശുപത്രിയില്‍ ഐസൊലേഷനിലേക്ക് മാറ്റി. ഇറാനില്‍ നിന്ന് ഒമാന്‍ വഴി സ്വദേശത്ത് തിരിച്ചെത്തിയ സൗദി വനിതക്കാണ് അല്‍ഹസയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ അല്‍ഹസ ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.
തുര്‍ക്കിയില്‍ നിന്ന് ലെബനോന് വഴി എത്തിയ സൗദി വനിതക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനോനില്‍ അഞ്ചു ദിവസം കഴിഞ്ഞ ഇവരില്‍ ലെബനോനില്‍ എത്തിയ രാത്രി തന്നെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ലെബനോനിലെത്തുന്നതിനു മുമ്പ് ആറു ദിവസമാണ് ഇവര്‍ തുര്‍ക്കിയില്‍ ചെലവഴിച്ചത്. ഇവരെ ജിദ്ദയിലെ ആശുപത്രിയില്‍ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇറാഖില്‍ നിന്ന് എത്തിയ രണ്ടു സൗദി വനിതകള്‍ക്ക് ഖത്തീഫില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ രണ്ടു പേരും ഖത്തീഫില്‍ ഹെല്‍ത്ത് ക്വാറന്റൈനിലാണ്.






