ന്യൂദല്‍ഹി-മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ജയില്‍മോചിതനായി. ഏഴ് മാസമായി പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം വിചാരണ പോലും ഇല്ലാതെ കരുതല്‍ തടങ്കലിലായിരുന്നു അദേഹം. അദേഹത്തിന്റെ മകനും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവരും അദേഹത്തിനൊപ്പം തടവിലായിരുന്നു.ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കരുതല്‍ തടങ്കല്‍ എന്ന പേരിലാണ് നേതാക്കളെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചത്. തന്റെ പിതാവ് ഇപ്പോള്‍ സ്വതന്ത്രനായിരിക്കുന്നുവെന്ന് മകള്‍ സഫിയ അബ്ദുല്ല ഖാന് ട്വീറ്റ് ചെയ്തു.ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിന് എതിരെ ഫാറൂഖ് അബ്ദുല്ല അടക്കമുള്ള നേതാക്കള്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. അമിത്ഷാ പാര്‍ലമെന്റില്‍ കള്ളം പറയുകയാണെന്ന് ഫാറൂഖ് അബ്ദുല്ല ആരോപിച്ചിരുന്നു.
മൂന്ന് തവണ ജമ്മുകശ്മീരിന്റെ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ല ലോക്സഭാ അംഗമായിരിക്കെയാണ് ഭരണകൂടം കസ്റ്റഡിയിലെടുത്തത്. സബ്ജയിലായി പ്രഖ്യാപിച്ച ശ്രീനഗറിലെ വസതിയിലാണ് അദേഹം തടവില്‍ കഴിഞ്ഞിരുന്നത്. അതേസമയം മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല എന്നിവര്‍ ഇപ്പോഴും തടങ്കലില്‍ തുടരുകയാണ്.






