തിരുവനന്തപുരം- കൊറോണ വിഷയത്തിൽ സംസ്ഥാന സർക്കാറിന്റെ വീഴ്ച വിളിച്ചുപറയുമെന്നും അത് പ്രതിപക്ഷത്തിന്റെ ദൗത്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലാണ് ഇക്കാര്യം ചെന്നിത്തല പറഞ്ഞത്. കൊറോണ വിഷയത്തിൽ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൻമേൽ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല. ആരോഗ്യമന്ത്രി അടിക്കടി പത്രസമ്മേളനം വിളിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞത് ആരോഗ്യപ്രവർത്തകരുടെ ഉപദേശപ്രകാരമാണെന്നും ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളെ ഭീതിയിൽ അകപ്പെടുത്താതെ കാര്യമായ പ്രവർത്തനമാണ് നടത്തേണ്ടത്. അതിന് പകരം ജനങ്ങളെ ഭീതിയിലാക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. പത്തനംതിട്ടയിൽ എല്ലാം നല്ല നിലയിലാണ് നടക്കുന്നത് എന്ന വീണ ജോർജിന്റെ പ്രസ്താവന ശരിയല്ല. പത്തനംതിട്ടയിൽ ജനം പുറത്തിറങ്ങുന്നില്ല. സി.മുഹ്‌സിൻ എം.എൽ.എയുടെ ഭാര്യ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഇവരടക്കം ഇറ്റലിയിൽ മുഴുവൻ ആളുകളെയും രക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.