സൗദി യാത്രാവിലക്ക് ഞായറാഴ്ച മുതല്‍; വിശദാശംങ്ങള്‍ അറിയാം

റിയാദ്- ഇന്ത്യയും പാക്കിസ്ഥാനുമടക്കമുള്ള രാജ്യങ്ങളിലേക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ശനിയാഴ്ച അര്‍ധരാത്രിയോടെ പ്രാബല്യത്തില്‍ വരുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ലൈനുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ അറിയിച്ചു.

ഇതിനു മുമ്പായി സൗദി പൗരന്മാര്‍ക്കും വിലക്കുള്ള രാജ്യങ്ങളിലെ സൗദി ഇഖാമയുള്ള വിദേശികള്‍ക്കും ജി 20 യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും സൗദി അറേബ്യയിലേക്ക് ബോര്‍ഡിംഗ് പാസ് നല്‍കുമെന്ന് വിമാനകമ്പനികള്‍ അറിയിച്ചു.
കൊറോണ ജാഗ്രതയുടെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുന്നതായി വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഈ രാജ്യങ്ങളില്‍നിന്ന് റീ എന്‍ട്രിയിലുള്ള പൗരന്മാര്‍ക്കും സൗദി പൗരന്മാര്‍ക്കും ശനിയാഴ്ച രാത്രിവരെ സൗദിയിലേക്ക് പ്രവേശിക്കാന്‍ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് സമ്പൂര്‍ണ യാത്രവിലക്ക് പ്രാബല്യത്തിലാവുക.
ഇന്ത്യക്ക് പുറമെ യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്‌സര്‍ലന്റ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഫിലിപൈന്‍സ്, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, എരിത്രിയ, കെനിയ, ജിബൂട്ടി, സോമാലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കും 14 ദിവസം ഈ രാജ്യങ്ങളില്‍ തങ്ങിയ മറ്റു രാജ്യക്കാര്‍ക്കും നിരോധനം ബാധകമാണ്. സൗദി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ, ഫിലിപ്പൈന്‍സ് പൗരന്മാര്‍ക്ക് വിലക്ക് ബാധകമല്ല.

ഇക്കാലയളവില്‍ ഇങ്ങോട്ട് വരുന്ന വിമാനങ്ങളില്‍ സൗദി പൗരന്മാര്‍ക്ക് യാത്രാനുമതിയുണ്ടെങ്കിലും തിരിച്ച് വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് പോകാനാവില്ല. വിദേശികളെ സ്വന്തം നടുകളിലേക്ക് കൊണ്ടുപോകുന്നതിനായി എത്തുന്ന വിമാനങ്ങള്‍ക്ക് വിലക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറില്‍ പറയുന്നുണ്ടെങ്കിലും വിമാനങ്ങളുടെ ലഭ്യത ഉറപ്പിച്ചു പറയാനാകില്ല.

സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, സോമാലിയ, കെനിയ, ജിബൂട്ടി, എരിത്രിയ എന്നീ രാജ്യങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. സന്ദര്‍ശക വിസയിലുള്ളവരെ കുറിച്ച് സര്‍ക്കുലറില്‍ വിശദീകരിക്കാത്തതിനാല്‍ അവരെ കൊണ്ടുവരാന്‍ വിമാനക്കമ്പനികള്‍ തയ്യാറാകുന്നില്ല.  കണ്ണൂരില്‍ നിന്ന് റിയാദിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് ബോര്‍ഡിംഗ് പാസ് നല്‍കിയ ശേഷം സന്ദര്‍ശക വിസക്കാരെയും പുതിയ വിസയിലുള്ളവരെയും  തിരിച്ചയച്ചു.
വിലക്ക് താല്‍ക്കാലികമാണെങ്കിലും മതിയായ റീ എന്‍ട്രി കാലാവധിയില്ലാത്തവര്‍ സൗദിയിലേക്ക് മടങ്ങണമെന്നതാണ് സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ നല്‍കുന്ന സൂചന. കൊറോണ വൈറസ് വ്യാപന ഭീഷണിക്ക് ശമനം വരുന്നത് വരെ വിലക്ക് തുടരും.

Latest News