Sorry, you need to enable JavaScript to visit this website.

സർക്കാർ ഉത്തരവ് അട്ടിമറിച്ച് 42 സ്‌കൂളുകളിൽ അധ്യാപക നിയമനം

കാസർകോട് - സർക്കാർ ഉത്തരവുകൾ അട്ടിമറിച്ചു കാസർകോട് ജില്ലയിലെ വിദ്യാലയങ്ങളിൽ 42 തസ്തികകളിൽ അധ്യാപകരെ നിയമിച്ചത് വിവാദമായി. സ്‌കൂൾ അധ്യയന വർഷം അവസാനിക്കാനിരിക്കെയാണ് ഉന്നത ഇടപെടലിനെ തുടർന്ന് നിയമവിരുദ്ധമായി അധ്യാപകരെ നിയമിച്ചത്. 
ഹൈസ്‌കൂൾ വിഭാഗത്തിലാണ് 42 തസ്തികകളിൽ പി.എസ്.സി നിയമനം നടത്തിയത്. കാസർകോട് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ നിയമന ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങി. അധ്യയന വർഷം അവസാനിക്കുമ്പോൾ യാതൊരുവിധ നിയമനങ്ങളും പാടില്ലെന്ന് സർക്കാർ ഉത്തരവുണ്ട്. ഇത് ലംഘിച്ചാണ് ധൃതിപിടിച്ചുള്ള നിയമനം. മാർച്ച് അവസാനത്തോടെ വിദ്യാലയങ്ങൾ വേനലവധിക്ക് അടയ്ക്കുകയാണ്. ഏപ്രിൽ, മെയ് മാസങ്ങളിൽ അവധിക്കാലവുമാണ്. ഈ ഘട്ടത്തിലാണ് തിടുക്കത്തിൽ 42 അധ്യാപകരെ നിയമിച്ചിരിക്കുന്നത്. 


സാമ്പത്തിക പ്രതിസന്ധി കാരണം മാർച്ച് മാസം ദീർഘകാല അവധി റദ്ദാക്കി വരുന്ന അധ്യാപകരോട് അവധി അപേക്ഷ രണ്ടു മാസം കൂടി നീട്ടി വാങ്ങണമെന്ന് സർക്കാർ ഉത്തരവിറക്കിയത് അടുത്ത കാലത്താണ്. വെക്കേഷൻ സാലറി കൊടുക്കുന്നത് ഒഴിവാക്കാനായിരുന്നു ഈ നിർദേശം. 
ഏപ്രിൽ മെയ് മാസങ്ങളിൽ പുതിയ 42 അധ്യാപകർക്ക് ശമ്പളം നൽകുന്നതിന് 50 ലക്ഷത്തിലേറെ രൂപ അധികബാധ്യത വരും. ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന ഈ മാസങ്ങളിലെ ചെലവഴിക്കുന്ന ലക്ഷങ്ങൾ സർക്കാരിന് നഷ്ടമാണ്. 


ഭരണകക്ഷി അധ്യാപക സംഘടനയുടെയും ഭരണകക്ഷിയുടെയും സമ്മർദ്ദങ്ങളെ തുടർന്നാണ് അധ്യാപക തസ്തികയിൽ കൂട്ടത്തോടെ നിയമനം നടത്തിയതെന്ന് ആരോപണമുണ്ട്. സാധാരണ സർക്കാർ വിദ്യാലയങ്ങളിൽ ജനുവരിക്കുശേഷം ആ അധ്യയന വർഷം പുതിയ നിയമനങ്ങൾ നടത്താറില്ല. ജൂണിൽ വിദ്യാലയങ്ങൾ തുറക്കുമ്പോഴാണ് പി.എസ്.സി നിയമനങ്ങൾ നടത്തുക. സ്‌കൂളുകൾ തുറന്ന ശേഷം ഒഴിവുള്ള തസ്തികകളിൽ ദിവസ വേതനത്തിന് താൽക്കാലിക അധ്യാപകരെ നിയമിക്കും. വിദ്യാലയങ്ങളിൽ ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർ ഉണ്ടായിരിക്കേയാണ് അധ്യാപക ക്ഷാമം ഉണ്ടെന്ന് ബോധ്യപ്പെടുത്തി പുതിയ നിയമനം നടത്തിയത്. അധ്യാപക നിയമനത്തിന് വിദ്യാഭ്യാസ വകുപ്പ് പൊതുമാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അതിനെല്ലാം വിരുദ്ധമായാണ് ഇപ്പോഴത്തെ നിയമനം നടന്നത്. 


 

Latest News