Sorry, you need to enable JavaScript to visit this website.

പ്രളയ ദുരിതാശ്വാസ നിധിയിൽനിന്ന്  അപഹരിച്ചത് 23 ലക്ഷമെന്ന് ക്രൈംബ്രാഞ്ച്‌

കൊച്ചി- കേരളത്തെ തകർത്ത പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി നൽകാൻ ശേഖരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ നിന്നും സെക്ഷൻ ക്ലാർക്കും സി.പി.എം നേതാക്കളായ പ്രതികളും ചേർന്ന് അപഹരിച്ചത് 23 ലക്ഷമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 
എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷൻ ക്ലാർക്കായ കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദ്, രണ്ടാം പ്രതി കാക്കനാട് മാധവം വീട്ടിൽ മഹേഷ്, മൂന്നാം പ്രതിയായ സി.പി.എം പ്രാദേശിക നേതാവ് കാക്കനാട് നിലം പതിഞ്ഞ മുഗൾ രാജഗിരി വാലി മറയക്കുളത്ത് വീട്ടിൽ എം.എം. അൻവർ, ഇയാളുടെ ഭാര്യയും അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമായ നാലാം പ്രതി കൗലത്ത് അൻവർ, മഹേഷിന്റെ ഭാര്യയും അഞ്ചാം പ്രതിയുമായ എം.എം. നീതു, സി.പി.എമ്മിന്റെ മറ്റൊരു പ്രാദേശിക നേതാവും ആറാം പ്രതിയുമായ എൻ.എൻ. നിധിൻ, ഇയാളുടെ ഭാര്യയും ഏഴാം പ്രതിയുമായ ഷിന്റു എന്നിവർ ചേർന്നാണ് 23,03,500 രൂപ തട്ടിയതെന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിൽ അൻവർ, ഭാര്യ കൗലത്ത്, നീതു എന്നിവർ ഒളിവിലാണെന്നും ക്രൈം ബ്രാഞ്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
കേസിലെ മുഖ്യപ്രതിയും ദുരിതാശ്വാസ നിധി സെക്ഷൻ ക്ലാർക്കുമായ കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ. ഇയാൾ ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. അതിനാൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും അന്യായമായി ട്രാൻസ്ഫർ ചെയ്തതും കൈക്കലാക്കിയതുമായ തുക എത്രയെന്ന് പൂർണമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസിന്റെ ആദ്യ ഘട്ടത്തിൽ ദുരിതാശ്വാസ നിധി വിതരണത്തിൽ ഫെയിൽ ആയ അക്കൗണ്ട് നമ്പർ തിരുത്തി വീണ്ടും ട്രാൻസാക്ഷൻ നടത്തിയെന്നാണ് വിഷ്ണു പ്രസാദ് വെളിപ്പെടുത്തിയിരുന്നത്. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ഗുണഭോക്താക്കളുടെ പട്ടികയിൽ ഇയാൾ സ്വയം തന്റെ പേരും തന്റെ വരുതിക്കാരായ അനർഹരായവരുടെ പേരും ഗുണഭോക്താക്കളാണെന്ന് കാണിച്ച് കൂട്ടിച്ചേർത്ത് സ്വന്തമായി ലിസ്റ്റുണ്ടാക്കി പണാപഹരണം നടത്തിയെന്ന് വ്യക്തമായതായും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. 


ഒന്നാം പ്രതിയായ വിഷ്ണു പ്രസാദ് രണ്ടു മുതൽ ഏഴുവരെയുള്ള പ്രതികളുമായി കുറ്റകരമായ രീതിയിൽ ഗൂഢാലോചന നടത്തി. ദുരിതാശ്വാസം വിതരണം ചെയ്യുന്നതിനുള്ള ജില്ലാ ട്രഷറിയിലെ പൂൾ അക്കൗണ്ടിൽ നിന്നും ദുരിതാശ്വാസ തുകകൾ വ്യക്തികൾക്ക് ട്രാൻസ്ഫർ ചെയ്തിട്ട് ഫെയിലായി കിടന്നിരുന്ന ട്രാൻസാക്ഷനുകളുടെ അക്കൗണ്ട് നമ്പറുകൾ തിരുത്തിയതിനു ശേഷം രണ്ടു മുതൽ ഏഴു വരെയുള്ള പ്രതികൾ നൽകിയ വിവിധ അക്കൗണ്ട് നമ്പറിലേക്ക് പണം ട്രാൻസ്ഫർ ചെയ്തു. 


ഇതു കൂടാതെ വിഷ്ണു പ്രസാദ് തന്റെ പേരിൽ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കാക്കനാട് ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് 2020 ജനുവരി 22ന് 10,000 രൂപ വീതം രണ്ടു തവണയായി 20,000 രൂപയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പാലാരിവട്ടം ശാഖയിലുള്ള അക്കൗണ്ടിലേക്ക് ഒരു ലക്ഷവും രണ്ടര ലക്ഷവും വീതം മൊത്തം മൂന്നര ലക്ഷവും, ജില്ലാ സഹകരണ ബാങ്കിന്റെ തേവര ശാഖയിലെ അക്കൗണ്ടിലേക്ക് 1.25 ലക്ഷവും ട്രാൻസ്ഫർ ചെയ്തു. ഇതു കൂടാതെ രണ്ടാം പ്രതിയുടെ പേരിൽ എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ കാക്കനാട് ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്ക് 2.50 ലക്ഷവും കാക്കനാട് യൂനിയൻ ബാങ്കിലെ അക്കൗണ്ടിലേക്ക് 31,500 രൂപയും പുന്നക്കൽ എസ്.ബി.ഐ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് 31,500 രൂപയും കാക്കനാട് ഫെഡറൽ ബാങ്കിലുള്ള അയ്യനാട് സർവീസ് സഹകരണ ബാങ്കിന്റെ പൂൾ അക്കൗണ്ടിലേക്ക് 2019 നവംബർ 28ന് രണ്ടു പ്രാവശ്യമായി 2.5 ലക്ഷം വീതം ട്രാൻസ്ഫർ ചെയ്തു. ശേഷം മൂന്നാം പ്രതിയും നാലാം പ്രതിയും ബാങ്കിൽ ചെന്ന് ഫെഡറൽ ബാങ്കിൽ വന്നിരിക്കുന്ന അഞ്ചു ലക്ഷത്തിന്റെ ട്രാൻസാക്ഷൻ യു.ടി.ആർ നമ്പർ ഒന്നാം പ്രതിയായ വിഷ്ണു പ്രസാദിൽ നിന്നും ലഭിച്ചത് എന്നു പറഞ്ഞ് ഈ പണം അയ്യനാട് ബാങ്കിൽ മൂന്നും നാലും പ്രതികളായ അൻവറിന്റെയും ഭാര്യ കൗലത്തിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് വന്നതാണെന്ന് ബാങ്കിലെ ബോർഡ് അംഗം കൂടിയായ കൗലത്ത് ബാങ്ക് ജീവനക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ച് ജോയിന്റ് അക്കൗണ്ടിലേക്ക് മാറ്റിയശേഷം രണ്ടു ലക്ഷം വീതം രണ്ടു തവണയായി പിൻവലിച്ചതായും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2019 നവംബർ 29ന് കേസിലെ രണ്ടാം പ്രതിയായ മഹേഷിന്റെയും ഇയാളുടെ ഭാര്യയും അഞ്ചാം പ്രതിയുമായ നീതുവിന്റെയും കാക്കനാട് എച്ച്.ഡി.എഫ്.സി ബാങ്കിലെ അക്കൗണ്ടിലേക്ക് 49,999 രൂപ വീതം ട്രാൻസ്ഫർ ചെയ്ത് ഈ പണം രണ്ടും അഞ്ചും പ്രതികൾ കൈക്കലാക്കി. ആറാം പ്രതിയായ നിധിൻ തന്റെ പേരിൽ കാക്കനാട് ഗ്രാമീൺ ബാങ്കിലെ അക്കൗണ്ട് ബുക്കിന്റെയും അക്കൗണ്ടിന്റെയും തന്റെ ഭാര്യയായ ഷിന്റുവിന്റെ പേരിലുള്ള ദേനാബാങ്കിലെ (നിലവിൽ ബാങ്ക് ഓഫ് ബറോഡ) അക്കൗണ്ട് ബുക്കിന്റെയും അക്കൗണ്ട് നമ്പറിന്റെയും ഫോട്ടോ കോപ്പി വാട്‌സ് അപ്പിലൂടെ രണ്ടാം പ്രതിയായ മഹേഷിന് അയച്ചു കൊടുക്കുകയും, മഹേഷ് അത് വിഷ്ണു പ്രസാദിന് കൈമാറുകയും ചെയ്തു. തുടർന്ന് മഹേഷ് ഏഴാം പ്രതിയായ ഷിന്റുവിന്റെ പേരിലുള്ള ദേനാ ബാങ്കിലെ അക്കൗണ്ടിലേക്ക് 2.50 ലക്ഷം ട്രാൻസഫർ ചെയ്തു. തുടർന്ന് ഷിന്റു ഈ പണം ജനുവരി 23ന് ബാങ്കിലെത്തി പിൻവലിച്ചു. വീണ്ടും മഹേഷ് അൻവറിന്റെയും ഭാര്യ കൗലത്തിന്റെയും അക്കൗണ്ടിലേക്ക് ട്രഷറിയിൽനിന്നും ജനുവരി 21ന് രണ്ടര ലക്ഷവും ഒന്നേകാൽ ലക്ഷവും അയച്ചു. 24 ന് 1.79 ലക്ഷം അയ്യനാട് സർവീസ് സഹകരണ ബാങ്കിന്റെ ഫെഡറൽ ബാങ്കിലെ പൂൾ അക്കൗണ്ടിലേക്ക് അയച്ചും പണം കൈക്കാലക്കിയതായും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

 

Latest News