റിയാദ് - സൗദിവൽക്കരണം പാലിച്ച സ്ഥാപനങ്ങൾക്ക് മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവ ശേഷി വികസന നിധി 65 ലക്ഷം റിയാൽ ധനസഹായം കൈമാറി. സ്വകാര്യ മേഖലയിൽ തൊഴിൽ നിയമനം നൽകി സ്വദേശികളുടെ നൈപുണ്യങ്ങൾ ഉയർത്തുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയുടെ ഗുണഭോക്താക്കളായ 744 സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലാണ് ധനസഹായം നിക്ഷേപിച്ചത്. ഫെബ്രുവരി മാസത്തെ ധനസഹായ വിഹിതമായാണ് ഇത്രയും തുക മാനവ ശേഷി വികസന നിധി സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറിയത്.
പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന സൗദി ജീവനക്കാരുടെ നിശ്ചിത വേതന വിഹിതമാണ് ധനസഹായമെന്നോണം സ്ഥാപനങ്ങൾക്ക് കൈമാറുന്നത്. സ്വദേശികൾക്ക് ജോലിയും തൊഴിൽ പരിശീലനവും നൽകുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി വഴി സൗദി ജീവനക്കാരുടെ വേതന വിഹിതം 36 മാസക്കാലം വരെയാണ് വഹിക്കുക. ആദ്യ വർഷം സൗദി ജീവനക്കാരുടെ വേതനത്തിന്റെ 30 ശതമാനവും രണ്ടാം വർഷം 20 ശതമാനവും മൂന്നാം കൊല്ലം 10 ശതമാനവുമാണ് പദ്ധതി വഹിക്കുക. വനിതകളെയും വികലാംഗരെയും ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്കും ജനസംഖ്യ കുറഞ്ഞ നഗരങ്ങളിലും പ്രദേശങ്ങളിലും സൗദികൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാരുടെ എണ്ണം 50 ൽ കുറഞ്ഞ സ്ഥാപനങ്ങൾക്കും 10 ശതമാനം അധിക ധനസഹായം ലഭിക്കും. പദ്ധതി വഴിയുള്ള ധനസഹായം ലഭിക്കുന്നതിന് സൗദി ജീവനക്കാരുടെ വേതനം 4000 റിയാലിൽ കുറവാകാനും 15,000 റിയാലിൽ കൂടുതലാകാനും പാടില്ലെന്നും വ്യവസ്ഥയുണ്ട്.