ഇറ്റലിയില്‍ ഫാര്‍മസികളും ഹോട്ടലുകളും  ഒഴികെയുള്ളവ അടച്ചു, മരണം 827 

റോം ഇറ്റലിയില്‍ ഒരു ദിവസം കൊണ്ട് 31 ശതമാനം മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു 827 ആയി. 196 പേരാണ് ഇന്നലെ മരിച്ചത്. പന്ത്രണ്ടായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഫാര്‍മസികളും ഫുഡ് ഔട്ട് ലൈറ്റുകളും ഒഴികെയുള്ളവ അടച്ചു. ബെഡുകളുടെ ലഭ്യതക്കുറവ് മൂലം ഐസിയുവിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. പ്രായമായവര്‍ക്ക് വേണ്ടത്ര ചികിത്സ നല്‍കാനാവുന്നില്ല.ആശുപത്രികളില്‍ യുവാക്കള്‍ക്ക് പ്രവേശനം നല്‍കുന്നില്ല, കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ മെഡിക്കല്‍ രംഗം വേദനാജനകമായ തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതരായി. കൊറോണയെ പ്രതിരോധിക്കാനവശ്യമായ മരുന്നുകളുടെ ലഭ്യതയിലുള്ള കുറവും ആശുപത്രികളില്‍ ബെഡുകളുടെ എണ്ണത്തിലുള്ള കുറവുമാണ് ഇവരെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ചെറുപ്പക്കാരില്‍ കൊറോണയെ അതീജീവിക്കാനുള്ള സാധ്യത കൂടുതലുണ്ടെന്നും കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം.
ഇറ്റലിയിലെ നഗരങ്ങളെല്ലാം ഒറ്റപ്പെട്ട അവസ്ഥയിലാണ്. മിലാന്‍, റോം, ഫ്‌ളോറെന്‍സ്, ടൂറിന്‍, നേപ്പിള്‍സ്, വെനീസ് തുടങ്ങിയ വന്‍ നഗരങ്ങളിലെല്ലാം ആളൊഴിഞ്ഞു. ഇറ്റലിയിലെ ആറ് കോടി ജനം പൂര്‍ണമായി വീടുകളില്‍ അടച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റവും അത്യാവശ്യക്കാര്‍ മാത്രമേ ഇടയ്ക്കു പുറത്തിറങ്ങുന്നുള്ളൂ.
യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇറ്റലിയില്‍ രോഗം അതിവേഗം പടരുന്നത് യൂറോപ്പിനെയാകെ പരിഭ്രാന്തിയിലാക്കി. ഇറ്റലിയിലെ സിനിമാ തിയറ്ററുകള്‍, മാളുകള്‍, പ്രശസ്തമായ കോര്‍ണര്‍ കഫെ എന്നിവയെല്ലാം അടച്ചിരിക്കുകയാണ്. മതചടങ്ങുകള്‍, വിവാഹച്ചടങ്ങുകള്‍ എന്നിവക്കും നിരോധനമുണ്ട്. നേരത്തെ റസ്റ്ററന്റുകളും ബാറുകളും രാവിലെ 6 മുതല്‍ 6 വരെ തുറക്കാന്‍ അനുവദിച്ചെങ്കിലും ഇപ്പോള്‍ അതും നിരോധിച്ചു.
ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയും അടച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി തുറന്ന ഹെല്‍പ് ലൈന്‍ നമ്പറുകളെല്ലാം പ്രവര്‍ത്തനം തുടരും. റോം, ഇറ്റലി, സോള്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യയും റദ്ദാക്കി.


 

Latest News