നെടുമ്പാശ്ശേരി- കോറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ 18 യാത്രക്കാരെ പരിശോധിച്ച ശേഷം ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. മുവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് ഇവരെ കൊണ്ടു പോയത്.
ഇതില്‍ ആറ് പേര് ഇറ്റലിയില്‍നിന്നും നാല് പേര് തെക്കന്‍ കൊറിയില്‍ നിന്നും വന്ന യാത്രക്കാരാണ്. ബാക്കിയുള്ളവര്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തിയവരും. 3135 അന്താരാഷ്ട്ര യാത്രക്കാരെയും 3038 ആഭ്യന്തര യാത്രക്കാരെയും ഇന്ന് പരിശോധനക്ക് വിധേയമാക്കി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള മിക്ക വിമാന സര്‍വീസുകളും നിര്‍ത്തലാക്കിയിരിക്കുകയാണ്. മലേഷ്യ, സൗദി അറേംബ്യ , കുവൈത്ത് ,ബഹ്്റൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളാണ് പ്രധാനമായും നിര്‍ത്തലാക്കിയത്.
യൂറോപ്പ്,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ രാജ്യങ്ങളില്‍നിന്ന് കണക്്ഷന് ഫ്ളൈറ്റുകളില്‍ പോകുന്ന യാത്രക്കാരിലും കാര്യമായ കുറവ് വന്നിട്ടുണ്ട്.
കേരളത്തിലെ മധ്യവേനല്‍ അവധി പ്രമാണിച്ച് ഗള്‍ഫ് നാടുകളിലേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്ന കുടുംബങ്ങളാണ് യാത്രാ വിലക്ക് കാരണം ഏറെ പ്രതിസന്ധിയിലായത്. കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്.






