Sorry, you need to enable JavaScript to visit this website.

ബഹിരാകാശ ഗവേഷണത്തിലും നിർമിത ബുദ്ധി 

  • ഭൂമിക്ക് ഭാവിയിൽ ഭീഷണിയാകാവുന്ന 11 ചിന്നഗ്രഹങ്ങളെ കൂടി കണ്ടെത്തിയതായി ഗവേഷകർ

സർവ മേഖലകളിലേക്കും വ്യാപിക്കുന്ന നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ) ഉപയോഗിച്ചാണ് ഡച്ച് ഗവേഷകർ ഇക്കാര്യം കണ്ടെത്തിയെന്നത് മറ്റൊരു സവിശേഷത. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ പക്കലുള്ള പട്ടികയിൽ ഇടം പിടിക്കാത്ത ചിന്നഗ്രഹങ്ങളാണെയാണ് കണ്ടെത്തിയതെന്ന് അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്' ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. 
നൂറു മീറ്ററിൽ കൂടുതൽ വ്യാസം ഉള്ളവയാണ് കണ്ടെത്തിയ 11 ചിന്നഗ്രഹങ്ങളും. ഇതിലേതെങ്കിലും ഒരെണ്ണം ഭൂമിയിൽ പതിച്ചാൽ നൂറുകണക്കിന് ആണവായുധങ്ങൾ പൊട്ടിത്തെറിക്കുന്നത്രയും വലിയ നാശമായിരിക്കും ഫലം. വൻ നഗരങ്ങൾ തുടച്ചുനീക്കപ്പെടും. 
ഡച്ച് ഗവേഷകർ തിരിച്ചറിഞ്ഞ 11 ചിന്നഗ്രഹങ്ങളും ഭൂമിയിൽ നിന്ന് 75 ലക്ഷം കിലോമീറ്റർ പരിധിയിലാണെങ്കിലും  ഇവയിൽ ഒന്നും പോലും ഉടനെ ഭൂമിക്ക് ഭീഷണിയാകില്ലെന്ന് ആശ്വസിക്കാം. 2131 മുതൽ 2923 വർഷം വരെയുള്ള കാലയളവിൽ മാത്രമേ ഇവ ഭൂമിക്കരികിലേക്ക് എത്തുകയുള്ളൂവെന്ന് റിപ്പോർട്ട് പറയുന്നു. 
നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഡീപ്പ് ലേണിംഗിലൂടെയാണ് ചിന്നഗ്രഹങ്ങളെ കണ്ടെത്തിയ പഠനമെന്നത് വ്യതിരിക്തമാക്കുന്നു. നിർമിത ബുദ്ധിയുടെ ഭാഗമായ മെഷീൻ ലേണിങിന്റെ പരിഷ്‌കരിച്ച രൂപമാണ് ഡീപ് ലേണിംഗ്. 


മനുഷ്യ മസ്തിഷ്‌കത്തിൽ ന്യൂറൽ ശൃംഖലകൾ അഥവാ സിരാകോശ ശൃംഖലകൾ പരസ്പര ബന്ധിതമായി പ്രവർത്തിക്കുന്നതിനെ അനുകരിക്കും വിധമാണ് ഇത് രൂപപ്പെടുത്തുന്നത്. വൻതോതിലുള്ള ഡാറ്റകൾ കംപ്യൂട്ടർ ശേഷിയുടെ സഹായത്തോടെ പഠിച്ചെടുക്കുകയാണ് ഡീപ് ലേണിംഗ്.  
അപകടകാരികളായ ചിന്നഗ്രഹങ്ങൾ തിരിച്ചറിയാൻ ഡച്ച് ഗവേഷകർ രൂപപ്പെടുത്തിയ എച്ച്.ഒ.ഐ സംവിധാനത്തിൽ ഇത്തരം ന്യൂറൽ ശൃംഖലയുടെ സാധ്യതയാണ് ഉപയോഗിച്ചിരിക്കുന്നത്. 
ലെയ്ഡൻ സർവകലാശാലയിൽ ആലിസ് എന്ന പേരിലുള്ള പുതിയ സൂപ്പർ കംപ്യൂട്ടറാണ് ഗവേഷകർ ഉപയോഗിച്ചത്. സൂപ്പർ കംപ്യൂട്ടറിൽ ആദ്യം ഒരു മാതൃക സൃഷ്ടിച്ച് അതുപയോഗിച്ച് ന്യൂറൽ ശൃംഖലയെ പരിശീലിപ്പിച്ചു. സൗരയൂഥത്തിൽ സൂര്യന്റെയും സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയും 10,000 വർഷത്തെ സഞ്ചാരപഥങ്ങളുടെ വിവരങ്ങളാണ് ഉപയോഗിച്ചത്. സമയത്തിലൂടെ പിന്നോട്ടു പോകാനുള്ള കണക്കുകളിൽ ചിന്നഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങൾ കൂടി ഉൾപ്പെടുത്തി. അങ്ങനെ ലഭിച്ച ഡാറ്റാബേസ് ഉപയോഗിച്ചപ്പോൾ ന്യൂറൽ ശൃംഖലക്ക് അപകടകാരികളായ ചിന്നഗ്രഹങ്ങളെ തിരിച്ചറിയാൻ സാധിച്ചു. 
നാസയുടെ പട്ടികയിലെ 2000 ചിന്നഗ്രഹങ്ങളുടെ ഡാറ്റ ഉൾപ്പെടുത്തി ന്യൂറൽ ശൃംഖല പ്രവർത്തിപ്പിച്ചപ്പോൾ ഏതൊക്കെ ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് ഭീഷണിയാണെന്ന് കൃത്യതയോടെ പ്രവചിക്കാൻ സാധിച്ചു.  ഭൂമിയിൽ മുമ്പ് പതിച്ച ചിന്നഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങളുടെ ലൈബ്രറി തന്നെ സൃഷ്ടിക്കാമെന്ന് ഗവേഷകർ പറയുന്നു. 
ന്യൂറൽ ശൃംഖലയുടെ കൃത്യത വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും പഠനത്തിൽ നിർമിത ബുദ്ധിയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. 

Latest News