ചൈനയില്‍നിന്ന് സന്തോഷ വാര്‍ത്ത; പ്രഭവകേന്ദ്രത്തില്‍ പുതിയ കൊറോണ ബാധ എട്ട് മാത്രം

മുഴുവന്‍ രോഗികളേയും ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് വുഹാനിലെ ഒരു താല്‍ക്കാലിക ആശുപത്രി സംരക്ഷണ വസ്ത്രങ്ങള്‍ ധരിച്ച പോലീസും ആരോഗ്യപ്രവര്‍ത്തകരും അടക്കുന്നു.

ബീജിംഗ്- ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടുവെന്ന് കരുതുന്ന വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് എട്ട് കൊറോണ രോഗ ബാധ മാത്രം. ആദ്യമായാണ് പ്രവിശ്യയില്‍നിന്ന് ഒറ്റയക്ക രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വൈറസ് വ്യാപനം തടയുന്നതിന് ചൈന കൈക്കൊണ്ട  കര്‍ശന നടപടികള്‍ ഫലം കണ്ടുവെന്നാണ് ഇത് തെളിയിക്കുന്നത്. ഹുബെയ് തലസ്ഥാനമായ വുഹാനില്‍നിന്ന് എട്ട് കൊറോണ രോഗ ബാധ മാത്രമാണ് പുതുതായി സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ദേശീയ ആരോഗ്യ മിഷന്‍ അറിയിച്ചു.

ഒരു കോടിയിലേറെ ജനങ്ങള്‍ താമസിക്കുന്ന വുഹാന്‍ പട്ടണത്തെ പൂര്‍ണമായും ഒറ്റപ്പെടുത്തി സ്വീകരിച്ച കര്‍ശന നടപടികളാണ് കഴിഞ്ഞ ഏഴു ദിവസമായി അവിടെ രോഗബാധ കുറയാന്‍ കാരണം. ജനങ്ങളുടെ സഞ്ചാരമടക്കം പൂര്‍ണമായും തടഞ്ഞിരുന്നു.

ഹുബെയ് പ്രവശ്യക്കു പുറത്ത് ചൈനയില്‍ ഏഴ് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ആറു പേരും വിദേശരാജ്യങ്ങളില്‍നിന്ന് വന്നവരാണ്.

മൊത്തത്തില്‍ ബുധനാഴ്ച 15 കൊറോണ ബാധ മാത്രമാണ് ചൈനയില്‍ സ്ഥിരീകരിച്ചത്. ചൊവ്വാഴച് 24 രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൊവ്വാഴചത്തെ കണക്ക് പ്രകാരം രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 80783 ആണ്. 62793 പേരെ രോഗം ഭേദമായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഏതാണ്ട് 80 ശതമാനം പേര്‍ക്കും രോഗം ഭേദമായെന്ന് ഇതു കാണിക്കുന്നു.

ബുധനാഴ്ച ചൈനയിലെ മരണസംഖ്യ 3169 ആയി ഉയര്‍ന്നിരുന്നു. ബുധനാഴ്ച വുഹാനില്‍ ഏഴു പേര്‍ മരിച്ചതുള്‍പ്പെടെ ഹുബെയ് പ്രവശ്യയില്‍ പത്തായിരുന്നു മരണം.

 

Latest News