സൗദിയില്‍ 600 പേര്‍ക്ക് കൊറോണയെന്ന പ്രചാരണം ശരിയല്ല; 2500 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍

റിയാദ് - സൗദിയിൽ 600 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചുവെന്ന നിലയില്‍ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി  പറഞ്ഞു.

കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 2,500 ഓളം പേർ വീടുകളിൽ ക്വാറന്റൈനിലാണെന്ന്  വക്താവ് പറഞ്ഞു. കൊറോണ വൈറസ് ബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയ 800 ലേറെ പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊറോണ രോഗികളുമായി അടുത്ത് ഇടപഴകിയവരുടെ എണ്ണം 1,000  ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗികളുമായി സമ്പർക്കം പുലർത്തിയവരെ തിരിച്ചറിയുന്നതിന് ശ്രമം തുടരുകയാണ്. ഇവരെ എല്ലാവരെയും ഐസൊലേഷനിലേക്കും ക്വാറന്റൈനിലേക്കും മാറ്റും. രോഗബാധ സംശയിച്ച് ഇതിനകം 3,500 ആളുകൾക്ക് ലാബ് പരിശോധനകൾ നടത്തിയിട്ടുണ്ട്.

അതേസമയം, കുവൈത്തിലുള്ള സൗദി പൗരന്മാർക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള സാവകാശം 72 മണിക്കൂർ കൂടി ദീർഘിപ്പിച്ചതായി കുവൈത്ത് സൗദി എംബസി അറിയിച്ചു. കുവൈത്തും ബഹ്‌റൈനും യു.എ.ഇയും അടക്കമുള്ള രാജ്യങ്ങളിലുള്ള സ്വദേശികൾക്ക് സൗദിയിലേക്ക് മടങ്ങുന്നതിന് നേരത്തെ 72 മണിക്കൂർ സാവകാശം നൽകിയിരുന്നു. ഇതാണ് ഇന്നലെ മുതൽ 72 മണിക്കൂർ കൂടി ദീർഘിപ്പിച്ചിരിക്കുന്നത്. കാലാവധിയുള്ള ഇഖാമയുള്ള വിദേശികളെയും കുവൈത്തിൽനിന്ന് സൗദിയിലേക്ക് മടങ്ങാൻ അനുവദിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് കുവൈത്ത് സൗദി എംബസി പ്രസ്താവനയിൽ പറഞ്ഞു. 
സ്‌പോർട്‌സ് സെന്ററുകളിൽ രോഗവ്യാപനം തടയുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കൽ സ്‌പോർട്‌സ് മന്ത്രാലയം നിർബന്ധമാക്കി. സ്‌പോർട്‌സ് സെന്ററുകളിൽ പതിവായി അണുനശീകരണികളും ശുചീകരണ വസ്തുക്കളും ലഭ്യമാക്കുകയും നിലം പതിവായി വൃത്തിയാക്കുകയും വേണം. ഓരോ ഉപയോക്താവും ഉപയോഗിച്ചു കഴിഞ്ഞ ശേഷം സ്‌പോർട്‌സ് ഉപകരണങ്ങളുടെ മേൽഭാഗങ്ങളും പരിശീലന സ്ഥലങ്ങളും അണുവിമുക്തമാക്കണമെന്നും നിർദേശമുണ്ട്. ഇക്കാര്യങ്ങളെല്ലാം സ്‌പോർട്‌സ് സെന്ററുകൾ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നിരീക്ഷിച്ച് ഉറപ്പുവരുത്തുമെന്നും സ്‌പോർട്‌സ് മന്ത്രാലയം പറഞ്ഞു.
 

Latest News