Sorry, you need to enable JavaScript to visit this website.

കൊറോണ ഭീതി: പോക്‌സോ പ്രതിയെ ജയിലില്‍ കയറ്റിയില്ല

കാസര്‍കോട്- മലേഷ്യയില്‍നിന്ന് വിമാനത്താവളത്തിലെത്തിയ പോക്സോ പ്രതിയെ പിടികൂടിയത് അധികൃതര്‍ക്ക് പൊല്ലാപ്പിലായി. കൊറോണ ഭീതി കാരണം പ്രതിയെ ഏറ്റെടുക്കാന്‍ ആരും തയാറായില്ല.

കൊറോണ രോഗബാധ ഇല്ലെന്ന് വ്യക്തമായിട്ടും പ്രതിയെ ജയിലില്‍ കയറ്റാന്‍  ജയിലധികൃതരും കൂട്ടാക്കിയില്ല. കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ മറ്റ് തടവുകാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് പ്രതിയെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാതിരുന്നതെന്ന് ജയിലധികൃതര്‍ പിന്നീട് പറഞ്ഞു.

ജയിലധികൃതരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഇയാളെ പിന്നീട് പോലീസ് കാവലില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പോക്സോ കേസിലെ പ്രതിയെയാണ് നിരീക്ഷണത്തിലാക്കിയത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇയാളെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി മഞ്ചേശ്വരം പോലീസിന് വിവരം കൈമാറിയത്.

പോലീസ് ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് മഞ്ചേശ്വരത്ത് എത്തിക്കുകയും കാസര്‍കോട് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്യുകയുമായിരുന്നു.

ഇയാള്‍ക്ക് രോഗലക്ഷണമൊന്നും കണ്ടില്ലെങ്കിലും വിദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ 14 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ച പശ്ചാത്തലത്തിലാണ് ജയിലധികൃതര്‍ പ്രതിയെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചതെന്നാണ് കരുതുന്നത്.

 

 

Latest News