ജിദ്ദയില്‍ കൊറോണ അഭ്യൂഹം; പോലീസ് നിഷേധിച്ചു

ജിദ്ദ - ജിദ്ദ ഗവര്‍ണറേറ്റില്‍ കൊറോണ ബാധ സ്ഥിരീകരിച്ചുവെന്ന അഭ്യൂഹങ്ങള്‍
മക്ക പ്രവിശ്യ പോലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ഗാംദി നിഷേധിച്ചു.
ചൈനക്കാരിക്ക് കൊറോണബാധ സ്ഥിരീകരിച്ചുവെന്ന വ്യാജ വാര്‍ത്തയാമ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.


കൊറോണ ബാധിച്ച ചൈനക്കാരിയെ കൈകാര്യം ചെയ്യുന്നതിന് ചൊവ്വാഴ്ച രാത്രി പോലീസ് ഇടപെട്ടു എന്ന നിലയിലാണ് സാമൂഹികമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് പ്രചരിച്ചത്. ജിദ്ദയില്‍ വ്യാപാര സ്ഥാപനത്തിനകത്തുവെച്ച് വിദേശിക്കും ചൈനക്കാരിക്കുമിടയിലുണ്ടായ തര്‍ക്കം മൂര്‍ഛിച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ പോലീസ് ഇടപെട്ടത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ വിദേശിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് നീക്കി. സംഭവത്തില്‍ പോലീസ് നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായും മേജര്‍ മുഹമ്മദ് അല്‍ഗാംദി പറഞ്ഞു.
അതേസമയം ജിദ്ദയില്‍ ഈജിപ്തുകാരന് കൊറോണ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് ജിദ്ദ എയര്‍പോര്‍ട്ട് വഴി ട്രാന്‍സിറ്റ് ആയി കയ്‌റോയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഈജിപ്തുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ജിദ്ദ വിമാനത്താവളത്തിലെ തെര്‍മല്‍ ഹെല്‍ത്ത് കണ്‍ട്രോള്‍ ക്യാമറകള്‍ ഈജിപ്തുകാരന്റെ ശരീരത്തില്‍ താപനില ഉയര്‍ന്നതായി കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ എയര്‍പോര്‍ട്ടില്‍ ഐസൊലേഷനിലേക്ക് മാറ്റിയ യാത്രക്കാരനെ പിന്നീട് വിദഗ്ധ ചികിത്സക്കായി ജിദ്ദയിലെ ആശുപത്രിയിലേക്ക് നീക്കി.


ജിദ്ദ എയര്‍പോര്‍ട്ടിലെത്തുന്നതിനു മുമ്പുള്ള പതിനാലു ദിവസത്തിനിടെ ഈജിപ്തിലായിരുന്ന യാത്രക്കാരന്‍ അമേരിക്കയിലേക്ക് പോവുകയും പിന്നീട് ജിദ്ദ വഴി സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിക്കുകയുമായിരുന്നു. ജിദ്ദയില്‍ ഈജിപ്തുകാരന് രോഗബാധ സ്ഥിരീകരിച്ചതോടെ സൗദിയില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. ഇവരെല്ലാവരും ഐസൊലേഷനിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ പടര്‍ന്നുപിടിച്ച ഇറ്റലിയില്‍ നിന്ന് 69 സൗദി വിദ്യാര്‍ഥികളെ ഇറ്റലി സൗദി എംബസി കള്‍ച്ചറല്‍ അറ്റാഷെ ഒഴിപ്പിച്ചു. ഇവരെല്ലാവരും സ്വദേശത്ത് തിരിച്ചെത്തിയതായി റോം സൗദി എംബസി കള്‍ച്ചറല്‍ അറ്റാഷെ ഡോ. അബ്ദുല്‍ അസീസ് അല്‍ഗുറൈബ് പറഞ്ഞു.

 

Latest News