ആലപ്പുഴ- കർഷക തൊഴിലാളി സ്ത്രീകൾ നിരന്നുനിന്ന് പാട്ടുംപാടിയ കാലമൊക്കെ പോയി മറഞ്ഞെങ്കിലും കുട്ടനാടൻ പാടശേഖരങ്ങളിൽ കൊയ്ത്തിന് മുടക്കമില്ല. യന്ത്രസഹായത്തോടെ കുട്ടനാട്ടിലെങ്ങും കൊയ്ത്തു തുടങ്ങി. തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന കൊയ്ത്തു മെതിയന്ത്രങ്ങൾ കുട്ടനാടൻ പാടങ്ങളിൽ യഥേഷ്ടം ഓടിത്തുടങ്ങി. മാമ്പുഴക്കരി, ചങ്ങംകരി, മിത്രക്കരി കളങ്ങര തുടങ്ങിയ പാടശേഖരങ്ങളിൽ ഇന്നലെ കൊയ്ത്തു നടന്നു. കൊയ്തു മെതിച്ചുകൂട്ടുന്ന നെല്ല് അരി മില്ലുകളുടെ ഏജന്റുമാരെത്തി ഉടൻ തന്നെ ലോറികളിലാക്കി കൊണ്ടു പോകുന്നുണ്ട്. ഒരു മണിക്കൂറിന് 1600 മുതൽ 2200 രൂപ വരെയാണ് കൊയ്ത്തു മെതിയന്ത്രത്തിന് വാടക. പല പാടശേഖരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലെ വേനൽമഴ നാശം വിതച്ചിട്ടുണ്ട്. പലേടത്തും നെല്ല് അടിഞ്ഞ് കിടക്കുകയാണ്. ഇതു മൂലം കൊയ്ത്തിന് തടസമാകുന്നുമുണ്ട്.
കൊയ്ത്തിന് 20 മുതൽ 30 ദിവസം കൂടി അവശേഷിക്കുന്ന പാടങ്ങളിലാണ് വേനൽമഴ കൂടുതൽ വലയ്ക്കുന്നത്. നെല്ല് അടിഞ്ഞുവീണ പാടങ്ങളിൽ ഇനിയും മഴ പെയ്താൽ കൂടുതൽ നാശം നേരിടേണ്ടി വരുമെന്ന് കർഷകർ പറയുന്നു. നെല്ലിന്റെ ഇപ്പോഴത്തെ സംഭരണവില 26.30 രൂപയാണ്. സർക്കാർ സ്വകാര്യ മില്ലുകളെല്ലാം ഈ നിരക്കിലാണ് നെല്ല് സംഭരിക്കുന്നത്. കൊയ്ത്ത് വ്യാപകമായി തുടങ്ങുമ്പോൾ സംഭരണം മന്ദഗതിയിലാകും. കൊയ്ത്ത് ആരംഭിച്ച ഈ ഘട്ടത്തിൽ നെല്ല് സംഭരണം അതാത് ദിവസം തന്നെ നടക്കുന്നുണ്ട്.