തലശ്ശേരി - ബി.ജെ.പി പ്രവർത്തകൻ പയ്യന്നൂർ ചെറുതാഴത്തെ അശ്വതിയിൽ വിനോദ് കുമാറിനെ (28) വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്‌റ്റേ ചെയ്തു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഈ മാസം 16 മുതൽ ആരംഭിക്കാനിരുന്ന വിചാരണയാണ് ജസ്റ്റിസ് അശോക് മേനോൻ സ്‌റ്റേ ചെയ്തത്. വിനോദ് കുമാറിന്റ അമ്മ ശോഭന ഹൈക്കോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് വിചാരണ നിർത്തിവെച്ചത.്
ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം ഉൾപ്പെടെ പ്രതിയായ വിനോദ് കുമാർ വധക്കേസിൽ സ്‌െപഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിന് ഹരജി സമർപ്പിച്ചെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം കൈക്കൊണ്ടിരുന്നില്ല. ഇക്കാര്യവും ശോഭന ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുറമെ വിനോദ് കൊല്ലപ്പെടുന്നതിനോടനുബന്ധിച്ച് നടന്ന വധശ്രമ കേസ് പ്രത്യേകം രജിസ്റ്റർ ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത പോലീസ് പ്രതികൾക്ക് അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളതെന്നും ഇതോടനുബന്ധിച്ച് ബി.ജെ.പി പ്രവർത്തകരുടെ വീടും വാഹനങ്ങളും കത്തിച്ച കേസ് ഭരണകക്ഷി മുൻ കൈയെടുത്ത് പിൻവലിക്കാൻ ഉത്തരവിട്ടിട്ടുള്ളതായും ശോഭന ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2013 ഡിസംബർ ഒന്നിന് ഉച്ച തിരിഞ്ഞ് 3.15 ഓടെയാണ് വിനോദ് കുമാർ കൊല്ലപ്പെട്ടത.് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാന ദിനത്തോടനുബന്ധിച്ച് പയ്യന്നൂരിൽ ബി.ജെ.പി സംഘടിപ്പിച്ച അനുസ്മരണ പരിപാടിക്ക് പങ്കെടുക്കാൻ പോകുന്നതിനിടെയാണ് കൊലപാതകം നടന്നത്. വിനോദ് കുമാറും സംഘവും സഞ്ചരിച്ച വാഹനം ആക്രമിച്ച് വിനോദ് കുമാറിനെ കത്തി കൊണ്ട് കുത്തുകയും ഇരുമ്പുവടി കൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ പേഴ്‌സണൽ സ്റ്റാഫ് പി.സന്തോഷ് കുമാർ, എസ്.എഫ്.ഐ നേതാവായിരുന്ന യുവജന കമ്മീഷൻ അംഗം സരിൻ ശശി ഉൾപ്പെടെ 13 പേരാണ് കേസിലെ പ്രതികൾ.
വെള്ളൂർ കണ്ടോത്ത് അമ്പലത്തറ വെങ്ങറ ഏറ്റമ്മൽ രതീഷ് (37) അന്നൂർ തെക്കേ ചൂവാട്ട വലിയ വീട്ടിൽ നന്ദകുമാർ (30), കണ്ടോത്ത് ഓലക്കാരൻ സനോജ്(32), രാമന്തളി കുന്നരു തൈക്കടവൻ പടിഞ്ഞാറെ വീട്ടിൽ അനൂപ്(36), കോത്തായിമുക്ക് നാലക്കുളങ്ങര ഗിരീഷ്(36). കണ്ടോത്ത് വടക്കേതലക്കൽ വീട്ടിൽ വി.ടി രഞ്ജിത്ത്(36), ചിറ്റാരിക്കൊവ്വൽ മേലേത്ത് വളപ്പിൽ സഹജൻ (44), കണ്ടോത്ത് ഏറ്റമ്മൽ വീട്ടിൽ നിഥുൻ(30), വെള്ളൂർ പാട്യൻ വീട്ടിൽ സരിൻ ശശി(35), പെരുമ്പ കക്കാടി ഹൗസിൽ നിഖിൽ(48), കണ്ടോത്ത് പാങ്ങടം അടിയോടി വീട്ടിൽ രഞ്ജിത്ത് (40), കണ്ടോത്ത് വെങ്ങര ഏറ്റമ്മൽ വീട്ടിൽ രാഗേഷ്(40), കണ്ടോത്ത് പാവൂർ വീട്ടിൽ പി.സന്തോഷ് (42) എന്നിവരാണ് കേസിലെ പ്രതികൾ.






