കൂടുതൽ ബാറുകൾ  തുറക്കാൻ കളമൊരുങ്ങുന്നു

തിരുവനന്തപുരം- സംസ്ഥാനത്തെ കോർപ്പറേഷനുകളുടെയും മുനിസിപ്പാലികളുടെയും പരിധിയിൽ വരുന്ന സംസ്ഥാന പാതയുടെ ഭാഗങ്ങൾ ഡിനോട്ടീഫൈ ചെയ്ത് സംസ്ഥാന പാതയിൽനിന്ന് ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. പാതയോരങ്ങളിൽ കൂടുതൽ ബാറുകൾ തുറക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റർ ദൂരപരിധിയിൽ മദ്യവിൽപ്പന നിരോധിച്ച സുപ്രീം കോടതി വിധി മറികടക്കുന്നതിനാണിത്.
ബൈപാസ് ഉൾപ്പെടെ ഇത്തരം പാതകൾ സംസ്ഥാന പാത പട്ടികയിൽനിന്ന് ഒഴിവാക്കുന്നതോടെ 129 ബീയർ, വൈൻ പാർലറുകൾ തുറക്കാനാകും. ഇതിൽ ത്രീസ്റ്റാർ പദവിക്കു മുകളിലുള്ള 70 എണ്ണം ബാറുകളായി മാറും. 76 കള്ളുഷാപ്പുകൾ, 10 മദ്യവിൽപ്പനശാലകൾ, നാലു ക്ലബുകൾ എന്നിവയും തുറക്കാൻ വഴിയൊരുങ്ങുമെന്നാണ് കണക്കുകൾ.
ഹൈവെ പ്രൊട്ടക്ഷൻ ആക്ട് 1999 പ്രകാരമാണു പാതകൾ ഡിനോട്ടിഫൈ ചെയ്യുന്നത്. ഡിനോട്ടിഫൈ ചെയ്യുമ്പോൾ സംസ്ഥാന പാതകളുടെ ഉടമസ്ഥത തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു മാറും. നഗരസഭകളുടെ പരിധിയിൽവരുന്ന പാതകളുടെ പരിപാലനത്തിനു തദ്ദേശഭരണ സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തുകയെന്ന ലക്ഷ്യവുമായാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് സർക്കാരിന്റെ ഔദ്യോഗിക ഭാഷ്യം.
മറ്റു സംസ്ഥാനങ്ങൾ ഈ മാർഗത്തിലൂടെ അനുകൂല കോടതി വിധി സമ്പാദിച്ച് മദ്യഷോപ്പുകൾക്ക് അവസരമൊരുക്കുന്നതിൽ വിജയിച്ച സാഹചര്യത്തിലാണു കേരളത്തിന്റെ നീക്കം. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾ ദേശീയ പാതകളുടെ പേരുകൾ ഇപ്രകാരം മാറ്റിയിരുന്നു.
 

Latest News