Sorry, you need to enable JavaScript to visit this website.

ദല്‍ഹി കലാപം; മരിച്ചവരുടെ മൃതദേഹങ്ങള്‍  സംസ്‌കരിക്കാന്‍ കോടതി അനുമതി

ന്യൂദല്‍ഹി-ദല്‍ഹിയില്‍ സിഎഎയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന കലാപത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുമതി. നീണ്ട നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ദല്‍ഹി ഹൈക്കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. മരിച്ചവരില്‍ തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
മരിച്ചവരുടെ പേരുവിവരങ്ങള്‍ കോടതി നേരത്തെ പുറത്ത് വിട്ടിരുന്നു.
അക്രമം അഴിച്ചുവിട്ടവരെന്ന പേരില്‍ ഏഴ് ആളുകളെ  തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ പ്രതിയായ താഹിര്‍ ഹുസൈന്റെ സഹോദരന്‍ ഷാ ആലം ഉള്‍പ്പടെ ഉള്ളവരാണ് അറസ്റ്റിലായത്. പ്രതിയായ താഹിര്‍ ഹുസൈനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കലാപത്തിന് പിന്നില്‍ ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ തുടങ്ങിയവരാണെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇവരുടെ വിദ്വേഷ പരാമര്‍ശങ്ങളാണ് കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചതെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കലാപം ബിജെപി ആസൂത്രണം ചെയ്തതാണെന്ന റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് സമിതി കൈമാറിയിട്ടുമുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് വസ്തുതാന്വേഷണ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News