ന്യൂദല്‍ഹി- ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കേസെടുത്തു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ഇയാള്‍ക്കുള്ള ബന്ധം അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, ദല്‍ഹി കലാപത്തിനു കാരണമായ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതരിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹരജി ഫയല്‍ ചെയ്തു. വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന ഹരജികളില്‍ ഈ മാസം 12 ന് വാദം കേള്‍ക്കാന്‍ ഹൈക്കോടതി മാറ്റിവെച്ചതിനു പിന്നാലെയാണ് വിദ്വേഷ പ്രസംഗം നടത്തി ബി.ജെ.പി നേതാക്കളോടൊപ്പം കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ ഹരജി നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പാര്‍ട്ടി നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പുതിയ ഹരജിയിലെ ആവശ്യം. വിദ്വേഷ പ്രസംഗം നടത്തിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി കലാപത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപയോഗിക്കണമെന്നും ഹരജിയില്‍ പറയുന്നു. ദല്‍ഹി കലാപത്തില്‍ നാശനഷ്ടം നേരിട്ട സ്വത്തുക്കളുടെ കണക്കെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും ഹരജയില്‍ ആവശ്യപ്പെട്ടു.
മറ്റൊരു സംഭവത്തില്‍ ഗോകുല്‍പുരിയില്‍ ഒരാളെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്ത മുഹമ്മദ് ഷാനവാസിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഫബ്രുവരി 26ന് ബ്രിജ്പുരി പ്രദേശത്ത് ഒരു മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഷാനവാസിനെ അറസ്റ്റ് ചെയ്തിരുന്നത്.
അതിനിടെ, ദല്‍ഹി കലാപത്തില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തി 14 ദിവസത്തിനുശേഷം സംസ്‌കരിക്കാന്‍ ദല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. അജ്ഞാത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്‌കരിക്കരുതെന്നും പോസ്റ്റ്‌മോര്‍ട്ടം വീഡിയകളില്‍ പകര്‍ത്തി സൂക്ഷിക്കണമെന്നും കോടതി നേരത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.






