ന്യൂദൽഹി- മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാറിനെ മറിച്ചിടാനുള്ള ബി.ജെ.പി നീക്കത്തിന് തിരിച്ചടിയെന്ന് സൂചന. മുൻ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം പോയിരുന്ന പത്തൊൻപത് എം.എൽ.എമാരിൽ പന്ത്രണ്ട് പേരും കോൺഗ്രസ് ക്യാമ്പിലേക്ക് തന്നെ തിരിച്ചുവരുമെന്ന് പാർട്ടി അവകാശപ്പെട്ടു. ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക് പോകാതെ പുതിയ പാർട്ടി രൂപീകരിക്കുമെന്നായിരുന്നു തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ അദ്ദേഹം ബി.ജെ.പിയിലേക്ക് പോയതോടെ തങ്ങൾ മാറിച്ചിന്തിക്കുകയാണെന്നും എം.എൽ.എമാർ പറഞ്ഞതായി കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടു. 1996-ൽ ജ്യോതിരാദിത്യ സിന്ധ്യയുടെ അച്ഛൻ മാധവറാവു സിന്ധ്യ ബി.ജെ.പിയിൽ ചേരാതെ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. ഇതുപോലെ ജ്യോതിരാദിത്യ സിന്ധ്യയും പുതിയ പാർട്ടി രൂപീകരിക്കുമെന്നായിരുന്നു എം.എൽ.എമാർ പ്രതീക്ഷിച്ചിരുന്നത്.
ഈ മാസം പതിനാറിന് ആരംഭിക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും കോൺഗ്രസ് പ്രസിഡന്റും മുൻ എം.പിയുമായ അരുൺ യാദവ് വ്യക്തമാക്കി.
അതേസമയം, ബി.ജെ.പി ക്യാമ്പിലും കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രിയാക്കരുത് എന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. മുൻ മന്ത്രി നരോത്തം മിശ്രക്ക് മുഖ്യമന്ത്രി പദവി നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ എം.എൽ.എമാരുടെ യോഗത്തിൽ ഒരു വിഭാഗം മുദ്രാവാക്യം വിളിച്ചു.
മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽ നാഥ് കർണാടകയിൽ കഴിയുന്ന കോൺഗ്രസ് എം.എൽ.എമാരുമായി ചർച്ച നടത്തി. സർക്കാർ ഭൂരിപക്ഷം തെളിയിക്കുമെന്ന് നകുൽനാഥ് പിന്നീട് വ്യക്തമാക്കി. ബംഗളൂരുവിൽ കഴിയുന്ന എം.എൽ.എമാരുമായി കോൺഗ്രസ് നേതൃത്വം ബന്ധപ്പെടുന്നുണ്ട്.






