ഇന്ത്യക്കാരില്‍ കൊറോണ വ്യാപിക്കില്ല; കാരണം വെളിപ്പെടുത്തി ബി.ജെ.പി നേതാവ്

കൊല്‍ക്കത്ത- ഇന്ത്യക്കാര്‍ക്ക് വ്യാപകമായി കൊറോണ പിടിപെടാത്തത് ദൈവാനഗ്രമുള്ളതു കൊണ്ടാണെന്ന് പശ്ചിമബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്.

കൊറോണ വൈറസ് ബാധ മൂലം ലോകം മുഴുവന്‍ ഭയപ്പെടുകയും വീടുകളില്‍ അടച്ചിരിക്കുകയുമാണ്. ലോകം കീഴടക്കുകയും ചന്ദ്രനില്‍ വരെ എത്തിച്ചേരുകയും ചെയ്തവര്‍ ഇപ്പോള്‍ ഭയപ്പെട്ട് വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. ആയിരങ്ങള്‍ പൂജകള്‍ക്കായി ക്ഷേത്രങ്ങളില്‍ പോകുന്നു. ആര്‍ക്കും ഒന്നും സംഭവിക്കുന്നില്ല. കാരണം അവര്‍ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ട്- ദിലീപ് ഘോഷ് പറഞ്ഞു. പുര്‍ബ മേദിനിപുര്‍ ജില്ലയിലെ ക്ഷേത്രത്തില്‍ നടന്ന  ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവന.


ഇന്ത്യയില്‍ ആയിരക്കണക്കിന് പേര്‍ പൈപ്പുകളില്‍നിന്ന് കൈ ഉപയോഗിച്ച് വെള്ളം കുടിക്കുകയും അമ്പലങ്ങളിലെ പ്രസാദം കൈകളിലെടുത്ത് കഴിക്കുകയും ചെയ്യുന്നു. എന്നാല്‍ ആര്‍ക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അമ്മമാരും സഹോദരിമാരും വ്രതമെടുത്ത്, വളരെ ദൂരം സഞ്ചരിച്ച് ക്ഷേത്രങ്ങളില്‍ പോകുന്നു, ആരാധന നടത്തുന്നു. ഈ സംസ്‌കാരം ഇന്ത്യയില്‍ എവിടെ വേണമെങ്കിലും കാണാം. രാജ്യത്തിന്റെ സവിശേഷതയാണിത്. ഇതിലൂടെയാണ് നാം അഭിവൃദ്ധി പ്രാപിക്കുന്നത്- ദലീപ് ഘോഷ് പറഞ്ഞു.

ഇന്ത്യയില്‍ ഏതാനും ചിലര്‍ക്ക് കൊറോണ വൈറസ് ബാധ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അതിനേക്കാള്‍ എത്രയോ കൂടിയ അളവില്‍ മറ്റു പകര്‍ച്ചവ്യാധികള്‍ ഇവിടെയുണ്ട്. മലേറിയയും ഡെങ്കിയും ബാധിച്ച് എത്രയോ പേര്‍ മരിച്ചു. എന്നിട്ടും നാം ഭയപ്പെട്ടിട്ടില്ല- അദ്ദേഹം പറഞ്ഞു.

അതിനിടെ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പാര്‍ത്ഥാ ചാറ്റര്‍ജി അപലപിച്ചു. ഒരു പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്നയാള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും ഓരോ ദിവസവും  പരിഹാസ്യമായ പ്രസ്താവനകളാണ് നടത്തുന്നതെന്നും  എം.പിയാണെന്ന കാര്യം മറക്കരുതെന്നും പാര്‍ത്ഥാ ചാറ്റര്‍ജി പറഞ്ഞു.

 

Latest News