നിത്യാനന്ദയ്‌ക്കെതിരെ കേസ് അന്വേഷിക്കുന്ന പോലിസുകാര്‍ക്കെതിരെ പോക്‌സോ ; പോണ്‍ വീഡിയോ കാണിച്ചുവെന്ന് പരാതി


അഹമ്മദാബാദ്- ആള്‍ദൈവം നിത്യാനന്ദയ്ക്ക് എതിരായ കേസ് അന്വേഷിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി കേസെടുക്കാന്‍ കോടതി ഉത്തരവ്. നിത്യാനന്ദയുടെ ആശ്രമത്തിലെ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസികളെ പോണ്‍ വീഡിയോ കാണിച്ചുവെന്ന ആരോപണത്തിലാണ് വിവേകാനന്ദ നഗര്‍ പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുക്കുന്നത്. അഹമ്മദാബാദ് കോടതിയാണ് ഉത്തരവിട്ടത്. ആശ്രമത്തിലെ അന്തേവാസികളായ കുട്ടികളോട് മോശമായ വിധത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചതായും ഈ കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും പോണ്‍ വീഡിയോ കാണിച്ചതായും അന്തേവാസികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതേതുടര്‍ന്ന് എസ്‌ഐ റാണാ, ഡെപ്യൂട്ടി എസ്പി കെ ടി കമരിയ,റിയാസ് സര്‍വ്വയ്യ,എസ്എച്ച് ഷര്‍ദ്ദ ,ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ദിലീപ് നര്‍ ,ചെയര്‍മാന്‍ ഭവേഷ് പട്ടേല്‍  എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ആശ്രമത്തിലെ അന്തേവാസി ഗിരീഷാണ് പരാതിക്കാരന്‍. ആശ്രമത്തില്‍ മക്കളെ അനധികൃതമായി തടഞ്ഞുവെച്ച് ആരോപിച്ച് ജനാര്‍ദ്ദന ശര്‍മയും ഭാര്യയും നല്‍കിയ ഹേബിയസ് കോര്‍പ്പസ് പരാതി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നത്. കുട്ടികള്‍ക്ക് ചോക്ലേറ്റുകളും ഭക്ഷണങ്ങളും നല്‍കി വശീകരിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
 

Latest News