വടക്കഞ്ചേരി- ബസില്‍ മാല മോഷണം നടത്തിയ യുവതികള്‍ അറസ്റ്റില്‍. തമിഴ്‌നാട് ദിണ്ടിക്കല്‍ സ്വദേശിനികളായ കാവ്യ (25), സന്ധ്യ (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വടക്കഞ്ചേരി-പാലക്കുഴി റൂട്ടിലോടുന്ന പൊന്നൂസ് ബസില്‍ വെച്ച് പകല്‍ രണ്ട് മണിയോടു കൂടിയാണ് സംഭവം. വടക്കഞ്ചേരിയില്‍ നിന്ന് പാലക്കുഴിയിലേക്കുള്ള യാത്രക്കിടെ യാത്രക്കാരായ രണ്ട് സ്ത്രീകളുടെ ഒന്നേമുക്കാല്‍ പവന്റെയും, മൂന്നേകാല്‍ പവന്റെയും മാല നഷ്ടപ്പെടുകയായിരുന്നു.
കുണ്ടുകാട് ചീരക്കുഴിയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്ത്രീകള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തിയിട്ട് ജീവനക്കാര്‍ വടക്കഞ്ചേരി പോലീസിനെ വിവരം അറിയിച്ചു. ബസില്‍ നിന്നും ആരെയും ഇറങ്ങാന്‍ അനുവദിച്ചുമില്ല. പോലീസെത്തി പരിശോധന നടത്തിയപ്പോള്‍ തമിഴ്‌നാട് സ്വദേശിനികളുടെ ബാഗില്‍ നിന്നും മാല കണ്ടെടുത്തു.
സാധാരണ ഇത്തരത്തില്‍ മോഷണം നടത്തുന്ന അന്യസംസ്ഥാന സ്ത്രീകള്‍ തൊട്ടടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങാറാണ് പതിവ്. എന്നാല്‍ ഇവര്‍ ഇറങ്ങുന്നതിന് മുമ്പ് മോഷണവിവരം അറിഞ്ഞത് കൊണ്ടാണ് പ്രതികളെയും ആഭരണങ്ങളും കിട്ടിയത്.
ഒരു മാസം മുമ്പ് വടക്കഞ്ചേരി ടി.ബി ജംഗ്ഷനില്‍ നിന്നു സമാനമായ രീതിയില്‍ രണ്ട് പവന്റെയും, മൂന്ന് പവന്റെയും രണ്ട് മാലകള്‍ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. ഇതിന് പിറകിലും ഇവര്‍ തന്നെയാണെന്നാണ് സൂചന. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.