മലപ്പുറം- കോവിഡ്-19 മുൻകരുതൽ നടപടികളുടെ ഭാഗമായി 31 പേർക്കു കൂടി ഇന്നലെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. 127 പേരാണ് ജില്ലയിലിപ്പോൾ നിരീക്ഷണത്തിലുള്ളത്. 44 പേർ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലും ഒരാൾ തിരൂർ ജില്ലാ ആശുപത്രിയിലുമാണ്. 82 പേർ വീടുകളിൽ സ്വയം നിരീക്ഷണത്തിലും കഴിയുന്നു. ജില്ലയിലിതുവരെ ആർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ നിന്നു വിദഗ്ധ പരിശോധനക്കയച്ച 125 സാമ്പിളുകളിൽ 74 പേരുടെ ഫലം ലഭിച്ചു. രോഗബാധയില്ലെന്നു സ്ഥിരീകരിച്ച അഞ്ചുപേരെ ഇന്നലെ പ്രത്യേക നിരീക്ഷണത്തിൽ നിന്നൊഴിവാക്കി. ആശുപത്രികളിലും വീടുകളിലും കഴിയുന്നവരുമായി ആരോഗ്യ വകുപ്പ് നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
രോഗലക്ഷണങ്ങൾ കണ്ടാൽ യാത്രകൾ ഒഴിവാക്കി പൊതുജന സമ്പർക്കം നിയന്ത്രിച്ചു വീടുകളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കണമെന്നു കലക്ടർ ജാഫർ മലിക് അഭ്യർഥിച്ചു. മുൻകരുതൽ നടപടികൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ വകുപ്പുമായി ഉടൻ ബന്ധപ്പെടണം. ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സാ സംവിധാനങ്ങൾ വിപുലമാക്കി. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ 55 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രിയിൽ നിരീക്ഷണത്തിലേർപ്പെടുത്തേണ്ടവരുടെ എണ്ണം വർധിക്കുകയാണെങ്കിൽ ജില്ലാ ആശുപത്രികൾ മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വരെ കിടത്തി ചികിത്സക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. അവശ്യഘട്ടങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കാൻ സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക പരിശോധനക്കു വിധേയമാക്കുന്നുണ്ട്. മൂന്നു ഷിഫ്റ്റുകളിലായി ഡോക്ടർമാരടക്കമുള്ള വിദഗ്ധ സംഘമാണ് യാത്രക്കാരെ പരിശോധിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നത്. വിമാനത്താവളങ്ങളിൽ ആരോഗ്യ വകുപ്പ് നൽകുന്ന ഫോം യാത്രക്കാരെല്ലാം നിർബന്ധമായും പൂരിപ്പിച്ചു നൽകണം. ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കും. ഇതുസംബന്ധിച്ച് വിമാനത്താവള ഡയറക്ടർക്കു നിർദേശം നൽകും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രവർത്തന നിയന്ത്രണം കർശനമായി പാലിക്കണമെന്നും ജില്ലാ കലക്ടർ ജാഫർ മലിക് നിർദേശിച്ചു. അങ്കണവാടികൾക്കും മദ്രസകൾക്കും സ്വകാര്യ ട്യൂഷൻ സെന്ററുകൾക്കും എൻട്രൻസ് പരിശീലന കേന്ദ്രങ്ങൾക്കും അവധി ബാധകമാണ്. ആരോഗ്യപരമായ കാരണങ്ങളാൽ നൽകിയ അവധിയുടെ പ്രാധാന്യം പൊതുജനങ്ങൾ ഉൾക്കൊള്ളണം. ഇപ്പോൾ നൽകിയ അവധി വിനോദ പരിപാടികൾക്കും യാത്രകൾക്കുമായി ഉപയോഗിക്കരുത്. എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിൽ പരീക്ഷ നടത്താം. ഒരു ബെഞ്ചിൽ രണ്ടു പേർ മാത്രമേ ഇരിക്കാവൂ. പരീക്ഷക്കെത്തുന്ന വിദ്യാർഥികൾ വെള്ളമോ ഭക്ഷണമോ പങ്കുവെക്കാതിരിക്കാൻ ശ്രദ്ധിക്കണം. പരീക്ഷ കഴിഞ്ഞ് കൂട്ടുകൂടി നിൽക്കാതെ എത്രയും വേഗം വീടുകളിലേക്കു മടങ്ങണം. രോഗലക്ഷണങ്ങളുള്ള വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേകം മുറി ഒരുക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി.
ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിൽ വിദേശങ്ങളിൽ നിന്നെത്തിയ രോഗികളുടെ യാത്രാ വിവരങ്ങൾ ശേഖരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കു (ആയുർവേദം) നിർദേശം നൽകി. എല്ലാതരം ഉത്സവങ്ങളും ഒഴിവാക്കുകയും അവ ചടങ്ങുകൾ മാത്രമായി നടത്തുകയും ചെയ്യണമെന്നു സംസ്ഥാന സർക്കാറിന്റെ നിർദേശമുണ്ട്. ഇതു കർശനമായി പാലിക്കണം. ഇക്കാര്യം ചർച്ച ചെയ്യാൻ മത സംഘടനകളുടെ യോഗം വിളിച്ചു ചേർക്കുമെന്ന് കലക്ടർ അറിയിച്ചു. കലാ,സാംസ്കാരിക പരിപാടികളും മാർച്ച് 31 വരെ മാറ്റിവെക്കണം. വാട്ടർ തീം പാർക്കുകൾ, സിനിമാ തിയേറ്ററുകൾ തുടങ്ങിയ വിനോദ കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനും യോഗം നിർദേശിച്ചു.
സർക്കാറിന്റെയും ഔദ്യാഗിക സംവിധാനങ്ങളുടെയും നിർദേശങ്ങളല്ലാതെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം വാർത്തകൾ ശക്തമായി നിരീക്ഷിക്കാനും നടപടിയെടുക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. സർക്കാർ ഓഫീസുകളിൽ രോഗബാധ നിയന്ത്രിക്കാനുള്ള മുൻകരുതലുകൾ ഏർപ്പെടുത്തും. എല്ലാ ഓഫീസുകളിലും സാനിറ്റൈസർ ലഭ്യമാക്കും. രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർ സ്വയം സന്നദ്ധരായി മുൻകരുതലുകളെടുക്കണം. മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ വീടുകളിൽ കഴിയുകയും ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് രോഗ വ്യാപനം തടയാൻ സഹകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടർ അഭ്യർഥിച്ചു. രോഗബാധിത രാജ്യങ്ങളിൽ നിന്നു തിരിച്ചെത്തുന്നവർ ജില്ലയിലെ കൺട്രോൾ റൂമിലെ 0483 2737858, 0483 2737857 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി.എൻ. പുരുഷോത്തമൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. ചെറിയാൻ ഉമ്മൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. കെ. സുശീല, വിവിധ വകുപ്പു മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.






