മകളെ മർദിച്ച് വിവസ്ത്രയാക്കിയ രണ്ടാനച്ഛനെതിരെ പോക്‌സോ കേസ് 

കോട്ടയം - കുടുംബ വഴക്കിനെ തുടർന്ന് പതിനാറുകാരിയെ ക്രൂരമായി മർദിച്ച് വസ്ത്രം വലിച്ചുകീറി നഗ്‌നയാക്കിയ രണ്ടാനച്ഛനെതിരെ പോക്‌സോ നിയമ പ്രകാരം കേസ്. വസ്ത്രം വലിച്ചുകീറി നഗ്‌നയാക്കപ്പെട്ട പെൺകുട്ടി, മർദ്ദനം സഹിക്കവയ്യാതെ വീട്ടിൽനിന്നു പുറത്തേയ്ക്ക് ഇറങ്ങിയോടി. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസിയായ വീട്ടമ്മയാണ് വസ്ത്രം നൽകി പെൺകുട്ടിയെ രക്ഷിച്ചത്. 
പെൺകുട്ടിയുടെ രണ്ടാനച്ഛന്റെ ആദ്യബന്ധത്തിലുള്ള 14 വയസുകാരനും മർദനമേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അച്ഛനെതിരെ പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. 
കടുത്തുരുത്തി കോതനല്ലൂരിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തി സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു കുട്ടികളുടെ അച്ഛൻ. ഉച്ചയോടെ വീട്ടിലെത്തിയ പ്രതി, ഭാര്യയുമായി വഴക്കുണ്ടാക്കി. 


അമ്മയെ തല്ലുന്നത് കണ്ടാണ് പതിനാറുകാരി പ്രശ്‌നത്തിൽ ഇടപെട്ടത്. ഇതോടെ കുട്ടിയ്ക്കു നേരെയായി ഇയാളുടെ മർദനം. പെൺകുട്ടിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പതിനാലുകാരനെയും ആക്രമിച്ചത്. പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച് നിലത്തിട്ട ശേഷം വസ്ത്രങ്ങൾ വലിച്ച് കീറുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെയാണ് പ്രതി ആക്രമണം അവസാനിപ്പിച്ചത്.
കടുത്തുരുത്തി പോലീസ് പെൺകുട്ടിയുടെയും  അമ്മയുടെയും  14 കാരനായ മകന്റെയും മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയായ രണ്ടാനച്ഛനെ കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ശിവൻകുട്ടി, എസ്.ഐ ടി.എസ് റെനീഷ് എന്നിവർ  അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. 

 

Latest News