Sorry, you need to enable JavaScript to visit this website.

ചാനലുകളെ വിലക്കാൻ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം- മലയാളത്തിലെ രണ്ട് വാർത്താ ചാനലുകൾക്ക്  രണ്ട് ദിവസത്തേക്ക് പ്രക്ഷേപണ വിലക്ക് ഏർപ്പെടുത്തിയ നടപടി രാഷ്ട്രീയ കാരണങ്ങളാലല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വിലക്കിനുപിന്നിൽ കേരള ബി.ജെ.പിയിൽനിന്നുള്ള സമ്മർദ്ദങ്ങളല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
പള്ളി തകർത്തു എന്ന വ്യാജ വാർത്ത നൽകി മതഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് രണ്ടു വാർത്താ വാർത്താ ചാനലുകൾക്കെതിരെ നടപടിയുണ്ടായത്. ദൽഹിസംഘർഷവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകൾ അവർ പ്രചരിപ്പിച്ചു.
പ്രക്ഷേപണം നിർത്തിവെച്ചതോ പുനരാരംഭിച്ചതോ രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടല്ല. ഇതിന് പിന്നിൽ കേരളാ ബി.ജെ.പിയിൽനിന്നു ഒരു ശ്രമവുമുണ്ടായിട്ടില്ല. മാധ്യമങ്ങൾ മതങ്ങളെയോ ജനങ്ങളേയോ ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തരുത്. 


മാധ്യമങ്ങൾ രാഷ്ട്രീയ പാർട്ടികളെയും സമൂഹത്തെയും കണ്ണുതുറന്ന് നിരീക്ഷിക്കുകയും വിമർശിക്കുകയും ചെയ്യുന്നതുപോലെ തന്നെ മാധ്യമങ്ങളും നിരീക്ഷിക്കപ്പെടുന്നുണ്ട്. അവരുടെ ചെയ്തികൾ നിരീക്ഷിക്കാൻ സമൂഹവും രാഷ്ട്രീയ പാർട്ടികളും കണ്ണുതുറന്നുതന്നെയിരിക്കുകയാണ്. ബി.ജെ.പിയും മാധ്യമങ്ങളെ നിരീക്ഷിക്കുന്നുണ്ട്.  മര്യദ, സദാചാരം എന്നിവ മാധ്യമങ്ങളും പാലിക്കണം. കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരിൽ കേരളത്തിലെ ഒരു മാധ്യമ സ്ഥാപനത്തിൽ സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് ഇതിൽ പ്രതികരിക്കേണ്ടേ. ഇത് കേന്ദ്ര സർക്കാരിന്റെ ഏജൻസികളാണ് ചെയ്തിരുന്നതെങ്കിൽ ഇപ്പോഴുള്ള നിലപാടായിരിക്കില്ല മാധ്യമങ്ങൾ സ്വീകരിക്കുക. മാധ്യമങ്ങളെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നു എന്നു പറഞ്ഞ് പത്രക്കാർ സമരത്തിനിറങ്ങുമായിരുന്നു. ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് വ്യക്തമായ ധാരണ ഞങ്ങൾക്കുമുണ്ട്.


ബി.ജെ.പിക്കെതിരെ ചില മാധ്യമങ്ങൾ വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. താൻ പ്രസിഡന്റായ ശേഷം പല മാധ്യമങ്ങളും വസ്തുതാവിരുദ്ധമായ വാർത്തകൾ  നൽകി. ചില ഭാരവാഹികൾ തന്നോട് സഹകരിക്കില്ലെന്നും മറ്റുമാണ് അവർ പ്രചരിപ്പിച്ചത്. ഇപ്പോൾ അതെല്ലാം അവാസ്തവമായ വാർത്തകളായിരുന്നു എന്ന് തെളിഞ്ഞു. ഇത്തരം കള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് മാധ്യമ ധർമ്മമല്ല. 
ആദ്യ ഭാരവാഹി യോഗത്തിൽ 99.9 ശതമാനം പേരും പങ്കെടുത്തെന്നും സുരേന്ദ്രൻ പറഞ്ഞു.

 

Latest News