ബീജിംഗ്- പുതിയ കൊറോണ വൈറസ് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട ശേഷം ഇതുവരെ 105 രാജ്യങ്ങളിലായി 1,15,124 പേര്‍ക്ക് രോഗം ബാധിച്ചു. 4067 പേരാണ് ഇഇന്ന് വൈകിട്ട് വരെ മരിച്ചത്. ചൈനയിലായിരുന്നു രോഗം അതിവേഗം പടര്‍ന്നിരുന്നതെങ്കില്‍ ഇപ്പോള്‍ യൂറോപ്പില്‍ 15000 വൈറസ് ബാധിതരുണ്ട്. ഏറ്റവും കൂടുതല്‍ മരണവും രോഗബാധയും ചൈനയില്‍ തന്നെയാണ്- 80754 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 3136 പേര് മരിച്ചു.
ഇറ്റലിയില്‍ 463 മരണവും 9172 രോഗബാധയും റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് കൊറിയ-7523 കേസുകള്‍, 54 മരണം, ഇറാന്- 88042 കേസുകല്‍, 291 മരണം, ഫ്രാന്‍സ്- 1412 കേസുകള്‍, 25 മരണം എന്നിങ്ങനെയാണ് കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലെ കണക്ക്. മംഗോളിയയും സൈപ്രസും ഇന്നലെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനയില്‍ രോഗം പൊട്ടിപ്പുറപ്പെട്ട ശേഷം ആശുപത്രികളില്‍ പ്രവേശിപ്പിച്ച 70 ശതമാനത്തിലേറെ പേര്‍ക്ക് ഭേദമായി.
ഇറ്റലിയില്‍ ആറു കോടി ജനങ്ങളോട് വീടിനകത്തുനിന്ന് പുറത്തിറങ്ങരുതെന്ന് കല്പിച്ചിരിക്കയാണ് സര്‍ക്കാര്‍. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അത്യാവശ്യ ജോലികള്‍ക്കും മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ.
തടവുകാരെ കാണാന്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇറ്റലിയിലെ പത്ത് ജയിലുകളിലെങ്കിലും കലാപമുണ്ടായി . നിരവധി തടവുപുള്ളികള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൊറോണ ഭയത്തെ തുടര്‍ന്നാണ് ജയിലുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കൊറോണ ഏറ്റവും കൂടുതല്‍ ശക്തമായ പ്രദേശത്തെ മൊദേന ജയിലിലും കലാപമുണ്ടായി. തടവുകാര്‍ ജയില്‍ മുറികള്‍ക്ക് തീയിടുകയും ഗാര്‍ഡുമാരെ പൂട്ടിയിടുകയും ചെയ്തു. ചൈനക്ക് പുറത്ത് കൊറോണ ഏറ്റവും ഭയനാകമായി ബാധിച്ചത് ഇറ്റലിയിലാണ്. രോഗം പിടിപെടുന്നവരുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനയാണ് ഉണ്ടായത്. രാജ്യത്തെ 20 പ്രവിശ്യകളിലും രോഗ വ്യാപനമുണ്ടായി. സ്കൂളുകളും കോളേജുകളും അടച്ചിട്ടു. എല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ മൂന്നുവരെയാണ് അവധികളും വിലക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി കണക്കാക്കപ്പെടുന്ന വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യയില്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. വുഹാനില്‍ രോഗം ചികിത്സിച്ചു മാറ്റിയെന്ന് അവിടം സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു. കൊറോണ കനത്ത ആഘാതമേല്പിച്ച ചൈനയില്‍ കഴിഞ്ഞ മാസം കാര്‍ വില്പനയില് 78.4 ശതമാനമായിരുന്നു ഇടിവ്.






