തൃശൂര്‍- കൊറോണ സംശയിക്കുന്ന രോഗിയെക്കുറിച്ച് ആരോഗ്യവകുപ്പിനെ വിവരമറിയിച്ചതിന് സ്വകാര്യ ക്ലിനിക് പുറത്താക്കിയ ഡോ. ഷിനു ശ്യാമളനെതിരെ തൃശൂര്‍ ഡി.എം.ഒയും. ഷിനുവിന്റെ ആരോപണങ്ങള്‍ തൃശൂര്‍ ഡി.എം.ഒ തള്ളി. ഷിനു പറഞ്ഞ ആള്‍ നേരത്തെ തന്നെ നിരീക്ഷണത്തില്‍ ഉള്ളയാളായിരുന്നുവെന്നും ആരോഗ്യ പ്രവര്‍ത്തകരെ ഷിനു ശ്യാമളന്‍ മോശമായി ചിത്രീകരിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും ഡി.എം.ഒ പറഞ്ഞു. അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച ഡോ. ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശൂര്‍ ഡി.എം.ഒ ഓഫീസ് പ്രതികരിച്ചു.
കോവിഡ് 19 ലക്ഷണമുള്ള രോഗി ചികിത്സക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവര്‍ നടപടി കൈക്കൊണ്ടില്ലെന്ന് ഡോ. ഷിനു ശ്യാമളന്‍ ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ഖത്തറില്‍നിന്നെത്തിയ ആള്‍ കടുത്ത പനിയോടെയാണ് ക്ലിനിക്കിലെത്തിയത്. വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രോഗി അത് ചെവികൊണ്ടില്ല. പിന്നീട് വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് ഷിനു ശ്യാമളന്‍ ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചു.
എന്നാല്‍ ഫെയ്‌സ്ബുക്കിലൂടെയും ചാനലിലൂടേയും വിവരം പുറത്തുവിട്ടതിനെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്ക് ഉടമ ഷിനു ശ്യാമളനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. തൃശൂര്‍ തളിക്കുളത്തെ ഒരു സ്വകാര്യ ക്ലിനിക്കില്‍നിന്നാണ് ഡോ. ഷിനു ശ്യാമളനെ പിരിച്ചുവിട്ടത്. ഇതിനു പിന്നാലെയാണ് ആരോഗ്യവകുപ്പിന്റേയും നടപടി.
എന്നാല്‍ ഷിനു പറഞ്ഞ ആള്‍ നേരത്തെ തന്നെ നിരീക്ഷണത്തില്‍ ഉള്ളയാളാണ് എന്നാണ് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ പ്രതികരണം.