റിയാദ്- അഞ്ച് പുതിയ കൊറോണ ബാധ കൂടി സ്ഥിരീകരിച്ചതോടെ സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 20 ആയി.
കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് സ്ത്രീകളേയും ഒരു പുരുഷനേയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനും ഇറാഖും സന്ദര്‍ശിച്ച് മടങ്ങി എത്തിയ ഇവര്‍ക്ക് പരിശോധനയില്‍ വൈറസ് കണ്ടെത്തുകയായിരുന്നു.
കിഴക്കന്‍ പ്രവിശ്യയില്തന്നെയാണ് നാലാമത്തെ രോഗബാധയും സ്ഥിരീകരിച്ചത്. ചുമയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സൗദി പൗരന് പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു.
അടുത്തിടെ സൗദിയില്‍ മടങ്ങിയെത്തിയ ഈജിപ്തുകാരനാണ് അഞ്ചാമതായി രോഗബാധ സ്ഥിരീകരിച്ചയാള്‍. ഇയാളെ മക്ക ആശുപത്രിയിലാണ് ഐസൊലേഷന്‍ വാര്ഡിലാക്കിയിരിക്കുന്നത്. ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.






