Sorry, you need to enable JavaScript to visit this website.

പ്രൊഫഷൻ മാറുന്നതിന് നിരോധനം: പ്രവാസികൾക്ക് വൻ തിരിച്ചടി

റിയാദ് - പ്രൊഫഷൻ മാറുന്നതിന് നിരോധനം വന്നത് നൂറുകണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാകും. നിലവിൽ സൗദിയിൽ ജോലി ചെയ്യുന്നവർക്കും പുതുതായി വിസയിൽ എത്തുന്നവർക്കുമെല്ലാം നിരോധനം പ്രതികൂലമാകും. ഇഖാമയിൽ രേഖപ്പെടുത്തിയ അതേ ജോലിയിൽ തന്നെ തുടരേണ്ടി വരും. മ്റ്റ് ജോലികളിലേക്ക് മാറാൻ ഇനി മുതൽ സാധിക്കില്ല. മാത്രമല്ല, കുടുംബവിസകൾ സംഘടിപ്പിക്കുന്നതിനും മറ്റുമായി താൽക്കാലികമായി പ്രൊഫഷൻ മാറിയിരുന്നവരും പ്രതിസന്ധിയിലാകും. നിലവിൽ ഫാമിലി, വിസിറ്റ് വിസകൾ ലഭിക്കുന്നതിനായി താ്ൽക്കാലികമായി മറ്റ് പ്രൊഫഷനുകളിലേക്ക് മാറിയവർക്ക് മുൻ പ്രൊഫഷനിലേക്ക് തിരിച്ചുവരാനും കഴിയില്ല. മറ്റു വിസകളിൽ സൗദിയിലെത്തി പ്രൊഫഷൻ മാറിയാണ് പലരും ജോലി ചെയ്തിരുന്നത്. ഫ്രീ വിസ എന്ന പേരിൽ അറിയപ്പെടുന്ന ഇത്തരം വിസകളിൽ സൗദിയിലെത്തി അനുയോജ്യമായ തൊഴിൽ കണ്ടുപിടിച്ചാണ് പ്രൊഫഷൻ മാറ്റിയിരുന്നത്. 

വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റിനൽകുന്നത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയമാണ് ഇന്നലെ നിർത്തിവെച്ചത്. സ്വകാര്യ മേഖലയിൽ സൗദികൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇക്കാലമത്രയും മറ്റു പ്രൊഫഷനുകളിലുള്ള വിസകളിൽ സൗദിയിലെത്തുന്ന വിദേശികൾ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് പ്രൊഫഷൻ മാറ്റുകയാണ് ചെയ്തിരുന്നത്. പുതിയ തീരുമാനം സൗദിയിൽ ജോലി ചെയ്യുകയും പുതിയ വിസകളിൽ സൗദിയിലേക്ക് വരുന്നതിന് ആഗ്രഹിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് വിദേശികൾക്ക് തിരിച്ചടിയാകും. 

സൗദിയിലെ തൊഴിൽ നിയമം അനുസരിച്ച് ഇഖാമയിൽ രേഖപ്പെടുത്തിയ പ്രൊഫഷന് വിരുദ്ധമായ തൊഴിലുകളിൽ വിദേശികൾ ഏർപ്പെടുന്നത് നിയമ ലംഘനമാണ്. സ്വകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ പ്രൊഫഷനുകളിലുള്ള വിസകൾ പലപ്പോഴും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അനുവദിക്കാറില്ല. ഇത്തരം സാഹചര്യങ്ങളിലെല്ലാം കിട്ടിയ വിസകളിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന ശേഷം പ്രൊഫഷൻ മാറ്റുകയാണ് സ്ഥാപനങ്ങളും തൊഴിലാളികളും ചെയ്തിരുന്നത്. എൻജിനീയറിംഗ് പ്രൊഫഷനിലേക്ക് വിദേശികളുടെ പ്രൊഫഷൻ മാറ്റുന്നത് അടുത്തിടെ തൊഴിൽ മന്ത്രാലയം നിർത്തിവെച്ചിരുന്നു. സൗദി എൻജിനീയർമാർ തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസുമായി നേരിട്ട് ചർച്ച നടത്തിയതിനെ തുടർന്നാണ് മറ്റു പ്രൊഫഷനുകളിലുള്ള വിസകളിൽ എത്തുന്ന വിദേശികളുടെ പ്രൊഫഷൻ എൻജിനീയർ പ്രൊഫഷനിലേക്ക് മാറ്റുന്നത് വിലക്കി മന്ത്രി ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് സൗദിയിൽ എല്ലാ വിഭാഗത്തിൽ പെട്ട തൊഴിലാളികളുടെയും പ്രൊഫഷൻ മാറ്റുന്നത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിർത്തിവെച്ചത്. സൗദിയിൽ ജോലി ചെയ്യുന്ന എൻജിനീയർമാരിൽ 85 ശതമാനത്തിലധികവും വിദേശികളാണ്. 
അതേസമയം, മത്സ്യബന്ധനം, കൃഷി തൊഴിലുകൾ, ഇടയ ജോലികൾ എന്നീ മേഖലകളെ സൗദിവൽക്കരണത്തിൽ നിന്ന് മന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്. ഈ മേഖലയിലെ ജോലികൾ സ്വീകരിക്കുന്നതിന് സൗദികൾ സന്നദ്ധരല്ലാത്ത കാര്യം കണക്കിലെടുത്താണിത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലുടമകൾക്കു കീഴിലെ നാലു തൊഴിലാളികളെ വീതം ലെവിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വനിതാവൽക്കരണം ബാധകമാക്കിയ ലേഡീസ് ഷോപ്പുകളിൽ സൗദി വനിതകൾക്കും സൗദി വനിതകൾക്ക് വിദേശ ഭർത്താക്കന്മാരിൽ പിറന്ന പെൺമക്കൾക്കും മാത്രമാണ് തൊഴിൽ അനുമതിയുള്ളത്. തൊഴിലില്ലായ്മ വേതന വിതരണ പദ്ധതിയായ ഹാഫിസ് വ്യവസ്ഥകൾ യുവതീയുവാക്കൾ കർശനമായി പാലിക്കണം. ആറു തവണ വാണിംഗ് ലഭിക്കുന്ന തൊഴിൽരഹിതരെ ധനസഹായ വിതരണ പദ്ധതിയിൽ നിന്ന് ഒഴിവാക്കും. തൊഴിലന്വേഷകരായ തൊഴിൽരഹിതർക്ക് മാസത്തിൽ രണ്ടായിരം റിയാൽ വീതം ഒരു വർഷത്തേക്കാണ് ഹാഫിസിൽ നിന്ന് സഹായം വിതരണം ചെയ്യുന്നത്. ഹാഫിസ് ഗുണഭോക്താക്കൾ പ്രതിവാരം വിവരങ്ങൾ പുതുക്കുകയും പരിശീലന പദ്ധതികൾ പ്രയോജനപ്പെടുത്തുകയും വേണം. അല്ലാത്ത പക്ഷം സഹായധനത്തിൽ കുറവ് വരുത്തുമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി വർധിച്ചിട്ടുണ്ട്. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കുന്നതിനാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. 

സൗദിയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ എട്ടു ലക്ഷത്തിലേറെ വിദേശികൾ പ്രൊഫഷൻ മാറ്റിയിട്ടുണ്ട്. മൂന്നു കൊല്ലത്തിനിടെ 8,05,641 പേരാണ് പ്രൊഫഷൻ മാറ്റിയത്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേർ ഏഷ്യൻ വംശജരാണ്. പ്രൊഫഷൻ മാറ്റിയവരിൽ 65 ശതമാനവും ഏഷ്യക്കാരാണ്. മൂന്നു വർഷത്തിനിടെ പ്രൊഫഷൻ മാറ്റിയവരിൽ 71 ശതമാനവും റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യകളിൽ ജോലി ചെയ്യുന്നവരാണ്. 2016 ൽ പ്രൊഫഷൻ മാറ്റിയവരുടെ എണ്ണത്തിൽ 26 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 1,70,452 പേരാണ് പ്രൊഫഷൻ മാറ്റിയത്. 2015 ൽ 2,31,332 പേരും 2014 ൽ 4,03,857 പേരും പ്രൊഫഷൻ മാറ്റി. പത്തൊമ്പത് തൊഴിലുകളിൽ സ്ഥിരം തൊഴിൽ വിസകളും താൽക്കാലിക, സീസൺ വിസകളും അനുവദിക്കുന്നത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിർത്തിവെച്ചിട്ടുണ്ട്. ഈ പ്രൊഫഷനുകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതും നിർത്തിവെച്ചിട്ടുണ്ട്. ഈ തൊഴിൽ മേഖലകൾ സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
നവജാതശിശുക്കൾക്ക് ഓൺഅറൈവൽ വിസക്ക് മൂന്നു വ്യവസ്ഥകൾ ബാധകം

Latest News