ഭോപ്പാല്‍- മധ്യപ്രദേശില്‍ കോണ്‍ഗസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവച്ച് പ്രതിപക്ഷത്തിരിക്കാന്‍ തയാറാണെന്ന് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങിന്റെ സഹോദരനുമായ ലക്ഷ്മണ്‍ സിങ്. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതോടെ പിന്തുണയുമായി 20 കോണ്‍ഗ്രസ്സ് എംഎല്‍എ മാരും രാജിവച്ചതാണ് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിക്ക് ഇടയാക്കിയത്.
'സര്‍ക്കാര്‍ ഇനിയും മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ല. പ്രതിപക്ഷ ബെഞ്ചില്‍ ഇരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്' ലക്ഷ്മണ്‍ സിങ് ഭോപ്പാലില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികാരത്തെ ചൊല്ലി കോണ്‍ഗ്രസുമായി ഇടഞ്ഞ ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ ഇതിനുമുമ്പ് അദ്ദേഹത്തെ പുറത്താക്കിയതായി കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നും അറിയിപ്പ് വന്നു. കഴിഞ്ഞ ഒരുവര്‍ഷമായി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഉണ്ടായ സംഭവ വികാസങ്ങളാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്നും 18 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതത്തിന് ഒരു മാറ്റം അനിവാര്യമാണെന്നും സിന്ധ്യ സോണിയയ്ക്ക് കൈമാറിയ കത്തില്‍ പറയുന്നു.