ഇബ്രാഹിം കുഞ്ഞിനെതിരായ കേസ്; ചന്ദ്രിക ഓഫീസില്‍ പരിശോധന

കോഴിക്കോട്- പാലാരിവട്ടം പാലം അഴിമിതിക്കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ്  മുഖപത്രമായ ചന്ദ്രികയുടെ ഓഫീസില്‍ പരിശോധന. ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപ വന്നതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റെ കേസെടുക്കുമെന്നാണ് സൂചന.  മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. പ്രതി ചേര്‍ത്തതിന്റെ റിപ്പോര്‍ട്ട് വിജിലന്‍സില്‍നിന്ന് ലഭിച്ചയുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ പറയുന്നത്.

അതിനിടെ, അറസ്റ്റ് ഭയക്കുന്നില്ലെന്നും മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്നും ഇബ്രാഹിംകുഞ്ഞ് കൊച്ചിയില്‍ പറഞ്ഞു. ഇനി കോടതിയിലാണ് കേസിന്റെ ന്യായാന്യായങ്ങള്‍ തീരുമാനിക്കപ്പെടേണ്ടത്. ഇതുവരെ അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. ഇനിയും അന്വേഷണത്തോടും കോടതി നടപടികളോടും സഹകരിച്ചും പിന്തുണ നല്‍കിയും മുന്നോട്ടു പോകുമെന്നും ഇബ്രാഹിംകുഞ്ഞ്  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാഷ്ട്രീയ തീരുമാന പ്രകാരമാണ് തന്നെ പ്രതി കേസില്‍  ചേര്‍ത്തത്. എറണാകുളത്തെ സി.പി.എം നേതാക്കള്‍ പ്രകടനങ്ങളും ധര്‍ണകളുമുള്‍പ്പെടെ നടത്തിയതിന്റെ  അടിസ്ഥാനത്തില്‍ വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തി തന്നെ പ്രതി ചേര്‍ക്കുകയായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും പാര്‍ട്ടി ചൂണ്ടിക്കാണിച്ചുകൊടുക്കുന്നയാളെ പ്രതി ചേര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണ്.
കളമശ്ശേരി സീറ്റാണ് സി.പി.എമ്മിന്റെ നോട്ടം. ഒരിക്കലും തെരഞ്ഞെടുപ്പില്‍ ജയിക്കാത്ത ആളുകളും സീറ്റ് കിട്ടാത്ത ആളുകളും നടത്തുന്ന ഗൂഢാലോചനയാണിത്. ഈ സ്ഥിതിവിശേഷം ആരോഗ്യകരമായ രാഷ്ട്രീയ സംവിധാനത്തിനും ജനാധിപത്യ ഭരണ ക്രമത്തിനും യോജിച്ചതല്ല. തന്റെ വസതിയില്‍ നടന്ന വിജിലന്‍സ് റെയ്ഡ് നടപടിക്രമങ്ങളുടെ ഭാഗമാണ്. ഒരാളെ പ്രതി ചേര്‍ത്താല്‍ വിജിലന്‍സിന് റെയ്ഡ് നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News