Sorry, you need to enable JavaScript to visit this website.

മലേഷ്യയില്‍ ഉപപ്രധാനമന്ത്രി പദവി ഒഴിവാക്കി; കരുതലോടെ പുതിയ നീക്കങ്ങള്‍

ക്വാലാലംപൂര്‍- മലേഷ്യയില്‍ ഉപപ്രധാനമന്ത്രി പദവി എടുത്തുകളഞ്ഞ പുതിയ പ്രധാനമന്ത്രി മുഹ്യിദ്ദീന്‍ യാസീന്‍ തന്റെ അഭാവത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ നാല് സീനിയര്‍ മന്ത്രിമാരെ ചുമതലപ്പെടുത്തി. കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മന്ത്രസഭക്കാണ് താന്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ൂടുതല്‍ കേന്ദ്രീകൃതവും ഫലപ്രദവുമായ മന്ത്രിസഭയാണ് വേണ്ടത്. സേവനം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കാര്യക്ഷമവുമായിരിക്കണം കാബിനറ്റ്-  അദ്ദേഹം പറഞ്ഞു.

മഹാതിര്‍ മുഹമ്മദിന്റെ രാജിയെത്തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് മുഹ്യിദ്ദീന്‍ അധികാരമേറ്റത്. 31 മന്ത്രിമാരും 38 ഉപമന്ത്രിമാരും ഉള്‍പ്പെടുന്ന കാബിനറ്റിനാണ് രൂപം നല്‍കിയിരിക്കുന്നത്.  രാഷ്ട്രീയക്കാരും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന കാബിനറ്റ് മലേഷ്യന്‍ ഭരണാധികാരി സുല്‍ത്താന്‍ അബ്ദുല്ല റിയാത്തുദ്ദീന്‍ അല്‍ മുസ്തഫ ബില്ല ഷാ മുമ്പാകെ  ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തുന്നത് കാബിനറ്റിലെ കലഹം ഒഴിവാക്കാനാണെന്ന് നിരീക്ഷകര്‍ കരുതുന്നു.
ദേശീയ ഐക്യമന്ത്രി ഉള്‍പ്പെടെ നിരവധി പുതിയ തസ്തികകളാണ് പ്രധാനമന്ത്രി സൃഷ്ടിച്ചിരിക്കുന്നത്. വിവിധ വംശങ്ങള്‍ തമ്മിലുള്ള ഐക്യം രാജ്യത്തിന്റെ നിലനില്‍പില്‍ നിര്‍ണായകമാണെന്ന് മുഹ്യിദ്ദീന്‍ യാസീന്‍ പറഞ്ഞു.

 

 

Latest News