അധ്യാപകന്‍ അടിച്ചതില്‍ മനംനൊന്ത് മൂന്നാം ക്ലാസുകാരന്‍ തീകൊളുത്തി മരിച്ചു

ഹൈദരാബാദ്- ക്ലാസില്‍ മറ്റു കുട്ടികള്‍ക്കു മുമ്പില്‍വച്ച് അധ്യാപകന്‍ അടിച്ചതിനെ തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ഗുരുതരാവസ്ഥയിലായിരുന്ന മൂന്നാം ക്ലാസുകാരന്‍ മരിച്ചു. തെലങ്കാനയിലെ വനപാര്‍ത്ഥി ജില്ലയിലാണു സംഭവം. തെലുഗു പദ്യം ചൊല്ലിക്കൊടുക്കാത്തതിന് കഴിഞ്ഞയാഴ്ചയാണ് ഈ വിദ്യാര്‍ത്ഥിക്ക് അധ്യാപകനില്‍ നിന്നും അടികിട്ടിയതെന്ന് സഹപാഠികള്‍ പറയുന്നു. മറ്റു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അപമാനിതനായ കുട്ടി വീട്ടില്‍ വന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മെഹ്ബൂബ്‌നഗര്‍ ഗവ. ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണ സമിതിയെ നിയോഗിച്ചു. കുറ്റാരോപിതനായ അധ്യാപകനെതിരെ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. അടിയന്തിരാശ്വാസമായി വിദ്യാഭ്യാസ വകുപ്പ് ഒന്നര ലക്ഷം രൂപ കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിപാരം നല്‍കുമെന്നറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടും സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തി.

Latest News