Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോഴിക്കോട്ട് 2058 പക്ഷികളെ കൊന്നു കത്തിച്ചു

കോഴിക്കോട് വേങ്ങേരിയിൽ പക്ഷിപ്പനി സംശയത്തിൽ കൊന്ന കോഴികളെ കത്തിക്കുന്നു.

കോഴിക്കോട് - ജില്ലയിൽ പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഇന്നലെ 2058 പക്ഷികളെ കൊന്നു കത്തിച്ചു. ഇതോടെ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 3760 പക്ഷികളെയാണ് കൊന്നത്. 7000 പക്ഷികളെ കൊല്ലേണ്ടിവരുമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴിക്കടകൾ നിരോധിച്ചു. പുതുതായി മാവൂരിൽ നിന്ന് പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വാർത്താസമ്മേളനത്തിൽ കലക്ടർ പറഞ്ഞു.
ജില്ലയിലെ വേങ്ങേരിയിലെ ഒരു വീട്ടിലും വെസ്റ്റ് കൊടിയത്തൂരിലെ ഒരു ഫാമിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. രോഗബാധിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊല്ലുന്നത്. നിലവിൽ 25 റാപിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി) പക്ഷികളെ കൊന്നൊടുക്കുന്നതിനും സംസ്‌കരിക്കുന്നതിനും നേതൃത്വം നൽകുന്നു. നിലവിലുള്ള ടീമിനെ ഉപയോഗപ്പെടുത്തി ഒരാഴ്ച കൊണ്ട് പ്രക്രിയ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴികളെ കൊണ്ടുവരുന്ന വാഹനങ്ങൾ പക്ഷിപ്പനി ബാധിച്ച ഭാഗങ്ങളിലേക്ക് പോകരുത്. ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള ടീമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 
പക്ഷിപ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനുള്ള കൺട്രോൾ റൂം നമ്പറുകൾ ഡി.എം. സെൽ (ടോൾഫ്രീ) 1077. അനിമൽ ഹസ്‌ബെന്ററി 0495 2762050.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ. നിനാകുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.വി. ഉമ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.  

 

 

Latest News