ന്യൂയോര്‍ക്ക്- 'ഒ' എന്ന പേരില്‍ ടെക്ക് ലോകത്ത് കുറച്ചു കാലമായി വട്ടംകറങ്ങിയിരുന്ന പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് ഒടുവില്‍ ഗൂഗ്ള്‍ ലോഞ്ച് ചെയ്തു. ആന്‍ഡ്രോയ്ഡിന്റെ ഈ എട്ടാം പതിപ്പിന് നല്‍കിയിരിക്കുന്ന പേര് 'ഓറിയോ' എന്നാണ്. ഓറഞ്ച്, ഒക്ടോപസ് തുടങ്ങി നിരവധി പേരുകളെ പിന്തള്ളിയാണ് ഓറിയോ ഗൂഗിളിന്‍റെ ഇഷ്ടക്കാരാനായത്. മുന്‍ പതിപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതം, കൂടുതല്‍ സ്മാര്‍ട്, കരുത്ത്, ആസ്വാദ്യകരം തുടങ്ങിയവയാണ് കമ്പനി നല്‍കുന്ന പ്രധാന വിശേഷണങ്ങള്‍. 91 വര്‍ഷത്തിനു ശേഷം അമേരിക്കയില്‍ കഴിഞ്ഞ ദിവസം ദൃശ്യമായ പൂര്‍ണ സൂര്യഗ്രഹണ സമയത്തായിരുന്നു ഓറിയോയുടെ അവതരണം.
പുതിയ പല ഫീച്ചറുകളും കൂട്ടിച്ചേര്‍ത്ത് ഓറിയോയെ കൂടുതല്‍ ആസ്വാദ്യകരമാക്കിയിട്ടുണ്ട്. പിക്ചര്‍ ഇന്‍ പിക്ചര്‍ സംവിധാനമാണ് ഒന്ന്. ഇതു വഴി ഒരേ സമയം സ്‌ക്രീനില്‍ രണ്ട് ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയും. യൂടൂബ്, ഗൂഗ്ള്‍ ഡുവോ പോലുള്ള ആപ്പുകള്‍ നേരത്തെ തന്നെ ഇത് പിന്തുണയ്ക്കുന്നുണ്ട്. യൂസര്‍ക്ക് യൂടൂബ് വീഡിയോ കാണുമ്പോള്‍ തന്നെ വാട്‌സാപ് തുറക്കാനും കഴിയും.
മികച്ച ബാറ്ററി സമയവും വേഗതയേറിയ പ്രകടനവുമാണ് പുതിയ വാഗ്ദാനം. ബാക്ഗ്രൗണ്ട് ആപ്പ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചാണ് ഇതു സാധ്യമാക്കുന്നത്. പുതിയ ഓപറേറ്റിങ് സിസ്റ്റത്തില്‍ ബൂട്ട് സ്പീഡും മെച്ചപ്പെടുത്തിയിട്ടുണ്ട്. സ്വമേധയാ നടത്തുന്ന ലോക്കേഷന്‍, വൈ ഫൈ സ്‌കാനുകള്‍ ഓറിയോയില്‍ ഗൂഗള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഇതു ബാറ്ററി കപ്പാസിറ്റി മെച്ചപ്പെടാന്‍ സഹായിച്ചു.
പുതിയ നോട്ടിഫിക്കേഷന്‍ ഡോട്ട്‌സ് ടാപ് ചെയ്ത് ആപ്പുകളിലെ പുതിയ വിശേഷങ്ങള്‍ വേഗത്തില്‍ അറിയാം. നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കാന്‍ യൂര്‍ക്ക് ഇതുവഴി കഴിയും. യൂസറുടെ അനുമതിയോടെ ലോഗ് ഇന്‍ വിവരങ്ങള്‍ നല്‍കിയ ആപ്പുകളില്‍ ഓട്ടോഫില്‍ സാധ്യമാക്കുന്ന ഓട്ടോഫില്‍ ഫ്രെയ്ംവര്‍ക്ക് സംവിധാനവും പുതുതായുണ്ട്. ഏതാനും ആഴ്ചകള്‍ക്കം പുതിയ അപ്ഡേറ്റുകളോടെ ഈ സംവിധാനം പൂര്‍ണതോതില്‍ പുറത്തിറങ്ങുമെന്നും ഗൂഗ്ള്‍ പറയുന്നു.
പുതിയ ഫോണ്ടുകളും വ്യത്യസതയാര്‍ന്ന ഇമോജികളുമാണ് ഓറിയോയിലെ മറ്റൊരു പുതുമ. ആന്‍ഡ്രോയ്ഡ് ഡെവലപേഴ്‌സിനു അവരുടെ സ്വന്തം ആപ്പുകള്‍ക്കു വേണ്ട് ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുകയും ചെയ്യാം. ഗൂഗഌന്റെ സ്വന്തം ഡിവൈസുകളായ പിക്‌സല്‍, പിക്‌സല്‍ എക്‌സ്എല്‍ എന്നിവയിലായിരിക്കും ഓറിയോ ഓപറേറ്റിംഗ് സിസ്റ്റം ആദ്യം എത്തുക. പിന്നീട് മൂന്ന് നെക്‌സസ് പതിപ്പുകളിലും ലഭിക്കും. പുതുതായി എത്തിയ നോക്കിയ 8-ലും ഓറിയോ ഉണ്ടാകും. കൂടാതെ നോക്കിയ 3, 5, 6 പതിപ്പുകളിലും ഓറിയോ അപിഡേഷന്‍ ലഭ്യമാക്കും.






