ആഗോള ഓഹരി ഇൻഡക്‌സുകൾക്ക് ഒപ്പം ബോംബെ സെൻസെക്‌സും നിഫ്റ്റിയും അക്ഷരാർത്ഥത്തിൽ ഓവർ സോൾഡായത് ഓപറേറ്റർമാരെ ഷോട്ട് കവറിംഗിന് പ്രേരിപ്പിക്കാം. ഇന്ന് ഇന്ത്യൻ മാർക്കറ്റുകൾ വീണ്ടും തളരാമെങ്കിലും ചെവാഴ്ചത്തെ ഹോളി ആഘോഷങ്ങൾക്ക് ശേഷം ഇടപാടുകൾ പുനരാരംഭിക്കുന്ന ബുധനാഴ്ച ഓഹരി സൂചികകൾ നേട്ടത്തിലേക്ക് പ്രവേശിക്കാം. ബോംബെ സൂചിക 720 പോയന്റും നിഫ്റ്റി 212 പോയന്റും കഴിഞ്ഞ വാരം താഴ്ന്നു.
നിക്ഷേപകർ ഒന്നടങ്കം പ്രമുഖ ഓഹരികളുടെ തിരിച്ചു വരവിനായി ഉറ്റുനോക്കുകുയാണെങ്കിലും കൊറോണ ഭീതിയിൽ നിന്ന് രക്ഷ നേടാൻ ചുരുങ്ങിയത് നാലാഴ്ചയെങ്കിലും ഇനിയും വേണ്ടിവരും. ഈ കാലയളവിൽ യൂറോപ്യൻ രാജ്യങ്ങളിൽ വൈറസ് ഭീതി വിട്ടുമാറിയില്ലെങ്കിൽ വിദേശ ഫണ്ടുകൾ ഏഷ്യയിലെ നിക്ഷേപം തിരിച്ചു പിടിക്കാൻ മത്സരിക്കാം.
നിഫ്റ്റി സൂചികക്ക് 36 മാസമായി നിലനിർത്തുന്ന ബുള്ളിഷ് മൂഡിൽ മാറ്റം സംഭവിക്കുമോയെന്ന ആശങ്കയിലാണ് ഫണ്ടുകൾ. സാങ്കേതികമായി വീക്ഷിച്ചാൽ 100 ആഴ്ചകളിലെ മൂവിങ് ആവറേജ് നിലനിർത്തുന്ന ട്രന്റ് ലൈനിൽ ഇടിവ് സംഭവിക്കാതിരിക്കണമെങ്കിൽ സംഘടിതമായ ഒരു ശ്രമം ഫണ്ടുകളിൽ നിന്നുണ്ടാവണം. ഷോട്ട് കവറിങിന് ഊഹക്കച്ചവടക്കാർ രംഗത്ത് എത്തിയാൽ സൂചിക വീണ്ടും ചൂടുപിടിക്കാം. മുൻനിരയിലെ പത്തിൽ ആറ് കമ്പനികളുടെ വിപണി മൂല്യത്തിൽ പോയ വാരം 95,432 കോടി രൂപയുടെ ഇടിവ്. ആർ.ഐ.എലിന് നഷ്ടം 37,144 കോടി രൂപയാണ്. എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, എയർടെൽ, ഐ.സി.ഐ.സി. ഐ, ബജാജ് ഫൈനാൻസ് എന്നിവയുടെ വിപണി മൂല്യം കുറഞ്ഞു.
ബോംബെ സെൻസെക്‌സ് 38,910 ൽ നിന്ന് 39,083 ലേക്ക് ഓപണിങിൽ മുന്നേറിയെങ്കിലും പിന്നീട് തകർന്ന് തരിപ്പണമാവും വിധം 37,011 ലേക്ക് ഇടിഞ്ഞു. എന്നാൽ വ്യാപാരാന്ത്യം അൽപം മെച്ചപ്പെട്ട് 37,576 പോയന്റിലാണ്. ഇന്ന് 36,697 ലെ ആദ്യ സപ്പോർട്ട് നിലനിർത്താനായാൽ ഈ റേഞ്ചിൽ നിന്ന് ഒരു 2000 പോയന്റ് തിരിച്ചു പിടിക്കാൻ സൂചിക ശ്രമം നടത്താം. ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 35,818 വരെ സെൻസെക്‌സ് തളരാം.
നിഫ്റ്റി 11,387 പോയന്റിൽ നിന്ന് 11,433 വരെ കയറിയെങ്കിലും കൂടുതൽ മികവിന് അവസരം ലഭിക്കാതെ ആടി ഉലഞ്ഞു. 11,000 ലെ നിർണായക താങ്ങ് നഷ്ടപ്പെട്ട നിഫ്റ്റി 10,827 വരെ ഇടിഞ്ഞ ശേഷം വെള്ളിയാഴ്ച ക്ലോസിങിൽ 10,989 ലാണ്. ഈ വാരം 10,733 ലെ ആദ്യ താങ്ങ് നിലനിർത്തി 11,339 ലേക്ക് തിരിച്ചു വരവിന് ശ്രമം നടക്കാം. എന്നാൽ ഈ നീക്കം വിജയിച്ചില്ലെങ്കിൽ 10,472 ലേക്ക് സൂചിക തളരാം. സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ സൂപ്പർ ട്രെന്റ്, പാരാബോളിക് എസ്.എ.ആർ എന്നിവ സെല്ലിങ് മൂഡിലാണ്. ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്, സ്ലോ സ്‌റ്റോക്കാസ്റ്റിക്, സ്‌റ്റോക്കാസ്റ്റിക് ആർ.എസ്.ഐ തുടങ്ങിയവ ഓവർ സോൾഡും. വിനിമയ വിപണിയിൽ രൂപ തളരുന്നു. 72.22 ൽ നിന്ന് വിനിമയ മൂല്യം 74 ലേക്ക് ഇടിഞ്ഞു. വീണ്ടും ഇടിഞ്ഞാൽ 74.52 ലേയ്ക്ക് നീങ്ങാം.
വിദേശ ഓപറേറ്റർമാർ ഓഹരിയിൽ നിന്ന് 8997.46 കോടി രൂപയും കടപത്രത്തിൽ നിന്ന് 4159.66 കോടി രൂപയും പിന്നിട്ടവാരം പിൻവലിച്ചു. അവർ മൊത്തം തിരിച്ചു പിടിച്ചത് 13,157.12 കോടി രൂപ. ക്രൂഡ് ഓയിൽ ഉൽപാദനം കുറക്കുന്ന കാര്യത്തിൽ റഷ്യയും ഒപെക്കും വിയന്നയിൽ നടത്തിയ യോഗത്തിൽ കരാറിലെത്താനായില്ല. ഇത് മൂലം ക്രൂഡ് അവധി നിരക്കുകൾ 12 വർഷത്തെ ഏറ്റവും താഴ്ന്ന റേഞ്ചിലേക്ക് ഇടിഞ്ഞു. എണ്ണ വില 45.26 ഡോളറിൽ നിന്ന് 41.50 ഡോളറായി. വിദേശ നാണയ കരുതൽ ശേഖരം സർവകാല റെക്കോർഡിൽ. രണ്ട് മാസത്തിനിടയിൽ അഞ്ച് ശതമാനം കുതിപ്പ്. ഏറ്റവും ഒടുവിൽ വന്ന കണക്കുകൾ പ്രകാരം കരുതൽ ശേഖരം 481 ബില്യൺ ഡോളറിലെത്തി. കരുതൽ ധനം ഉയരുന്നത് രൂപയുടെ മൂല്യത്തകർച്ചയെ പിടിച്ചു നിർത്താൻ ഉപകരിക്കുമെന്ന് വിദഗ്ധർ വിലയിരുത്തിയെങ്കിലും വിപണിയിൽ ഇന്ത്യൻ നാണയം മൂക്ക് കുത്തി വീണു. പുതുവർഷത്തിൽ ഇന്ത്യയുടെ സ്വർണ ശേഖരം 12 ശതമാനം ഉയർന്നു. ഡിസംബറിൽ ഇന്ത്യയുടെ സ്വർണ ശേഖരം 27.4 ബില്യൺ ഡോളറായിരുന്നു. ഇത് ഫെബ്രുവരി അവസാനത്തോടെ 30.7 ബില്യൺ ഡോളറായി ഉയർന്നു. ഏഷ്യൻ യൂറോപ്യൻ ഓഹരി ഇൻഡക്‌സുകൾ എല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കൻ വിപണികളും വൈറസ് ഭീതിയിൽ വിൽപന സമ്മർദത്തിൽ അകപ്പെട്ടു.