ജിദ്ദ- കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യയിൽ ഇന്ന് മുതൽ പുതിയ അറിയിപ്പുണ്ടാകുന്നത് വരെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയെങ്കിലും സി.ബി.എസ്.ഇ പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സ്്കൂളുകൾ നടത്തുന്ന പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് ഒൻപതിനും പന്ത്രണ്ടിനും ഇടയിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ സി.ബി.എസ്.ഇ പൊതുപരീക്ഷകൾ നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം നടക്കും. ആവശ്യമായ മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചാണ് പരീക്ഷ നടത്തുക.
വിദ്യാർഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സംരക്ഷണം മുൻ നിർത്തിയാണ് ഇന്നലെ രാത്രി രാജ്യത്തെ എല്ലാ പ്രവിശ്യകളിലെയും പൊതു, സ്വകാര്യ സ്‌കൂളുകൾക്കും യൂണിവേഴ്‌സിറ്റികൾക്കും തൊഴിൽ പരിശീലന കേന്ദ്രങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിട്ടത്. സ്‌കൂൾ അടക്കുന്നത് കാരണം ആശങ്കപ്പെടേണ്ടതില്ലെന്നും കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണിതെന്നും ജാഗ്രത സമിതിയുടെ കൃത്യമായ വിലയിരുത്തലിന് ശേഷമേ സ്‌കൂളുകൾ തുറക്കുകയുളളൂവെന്നും മന്ത്രാലയം അറിയിച്ചു.