റിയാദ്- സൗദി അറേബ്യയില്‍ നാലു പേര്‍ക്ക് കൂടി കൊറോണ വൈറസ് കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 15 ആയി. പുതുതായി രോഗം സ്ഥരീകരിച്ച നാലു പേരില്‍ സൗദി പൗരന്‍ ഖത്തീഫിലെ ആശുപത്രിയിലെ ഐസൊലേഷനിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇറാഖ് വഴി എത്തി ബഹ്‌റൈനിലേക്ക് പോകാനിരുന്ന രണ്ട് ബഹ്‌റൈനി സ്ത്രീകളെയും ഖത്തീഫിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നാലാമത്തെയാളായ യു.എസ് പൗരന്‍ റിയാദിലെ ആശുപത്രിയിലാണുള്ളത്. ഇയാള്‍ ഫിലിപ്പൈന്‍സും ഇറ്റലിയും സന്ദര്‍ശിച്ച ശേഷമാണ് സൗദിയില്‍ എത്തിയത്.
രോഗം ബാധിച്ച എല്ലാവര്‍ക്കും മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും ഇവരെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്ന് എത്തിയവര്‍ ഉടന്‍ തന്നെ 937 നമ്പറില്‍ ബന്ധപ്പെടണമെന്നും മന്ത്രാലയം ഉണര്‍ത്തി.
കിംവദന്തികള്‍ തള്ളിക്കളയണമെന്നും യഥാര്‍ഥ വിവരങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ അന്വേഷിക്കണമെന്നും മന്ത്രാലയം പറഞ്ഞു.






