പാലാ- മാവേലിക്കര ചെട്ടിക്കുളങ്ങരയിലെ പരേതനായ ബേബിയുടെ ഭാര്യ അമ്മുക്കുട്ടിയുടെ (76) മൃതദേഹം ഓടയില്‍ തള്ളിയ സംഭവത്തില്‍ മകന്‍ അലക്‌സ് ബേബി (46) പോലീസ് പിടിയിലായി. പാലാ- തൊടുപുഴ ഹൈവേയില്‍ കാര്‍മല്‍ ആശുപത്രി റോഡിന് എതിര്‍വശത്തെ കലുങ്കിന് സമീപം ഈ മാസം അഞ്ചിന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മുക്കുട്ടിയും മകന്‍ അലക്‌സും ചിങ്ങവനത്തെ സ്വകാര്യ ലോഡ്ജിലാണ് മൂന്ന് വര്‍ഷമായി താമസിച്ചിരുന്നത്.
മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം ഇല്ലാത്തതിനെ തുടര്‍ന്നാണു മൃതദേഹം ഓടയില്‍ തള്ളിയതെന്ന് മകന്‍ പോലീസിനോട് പറഞ്ഞു. അമ്മയുടെ പേരിലുള്ള സ്ഥലം 10 വര്‍ഷം മുമ്പ് 60 ലക്ഷം രൂപക്ക് വിറ്റതായി പോലീസ് പറയുന്നു.
പിതാവ് ബേബി മരിച്ചതിനെ തുടര്‍ന്നാണ് മാവേലിക്കരയിലെ സ്ഥലം വിറ്റത്. തുടര്‍ന്ന് അലക്‌സും അമ്മയും വിവിധ സ്ഥലങ്ങളില്‍ താമസിച്ചു.
അവിവാഹിതനാനും വാഹന ബ്രോക്കറുമായ അലക്‌സിന് ബന്ധുക്കളുമായി അടുപ്പം ഉണ്ടായിരുന്നില്ല. അമ്മുക്കുട്ടിയുടെ മറ്റൊരു മകന്‍ വിദേശത്താണ്.
മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 12നാണ് അമ്മുക്കുട്ടി മരിച്ചത്. രാത്രി ഒമ്പതിന് മൃതദേഹം ലോഡ്ജ് മുറിയില്‍ നിന്നെടുത്ത് അലക്‌സ് സ്വന്തം കാറില്‍ കയറ്റി. അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയില്‍ കൊണ്ടുപോവുകയാണന്നുമാണ് ലോഡ്ജ് ജീവനക്കാരോടു പറഞ്ഞത്. വിവിധ സ്ഥലങ്ങളിലൂടെ കറങ്ങിയ ശേഷം പാലാ-തൊടുപുഴ റോഡില്‍ കലുങ്കിനോടു ചേര്‍ന്നു കാട്ടുചെടികള്‍ നിറഞ്ഞ ഓടയില്‍ രാത്രി 12 മണിയോടെ തള്ളുകയായിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കാറിനെ കുറിച്ച് നടത്തിയ അന്വേഷണമാണ് അലക്‌സിലെത്തിച്ചത്. പാലായിലെ പേ ആന്‍ഡ് പാര്‍ക്കില്‍ ജീവനക്കാരുടെ വേഷത്തില്‍ കാത്തു നിന്ന പോലീസ് കാര്‍ എടുക്കാനെത്തിയ അലക്‌സിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയുടെ മൃതദേഹം ഓടയില്‍ തള്ളിയശേഷം അലക്‌സ് പാലായിലെ മറ്റൊരു ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു.
ചികിത്സ നല്‍കാത്തതും മൃതദേഹത്തോട് അനാദരവ് കാണിച്ചതും ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.






