കൊച്ചി- കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലി സംഘം യാത്ര ചെയ്ത ദോഹ-കൊച്ചി ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലെ മറ്റു യാത്രക്കാരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. യാത്രക്കാരുടെ മുഴുവന്‍ വിവരങ്ങളും ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
29നു രാവിലെ 8.20നു കൊച്ചിയിലെത്തിയ വിമാനത്തില്‍ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മറ്റാര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളില്ലെങ്കിലും എല്ലാവരെയും വീടുകളില്‍ നിരീക്ഷിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ. കുട്ടപ്പന് പറഞ്ഞു.
വിമാനത്താവള ജീവനക്കാര്‍, വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ എന്നിവരുള്‍പ്പെടെ ഇറ്റലി സംഘം ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്തും. 29നു വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരോട് ആരോഗ്യ പരിശോധനയ്ക്കു നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ, കൊറോണ രോഗബാധ ഉള്ളവരും അവരുമായി ഇടപഴകിയവരും ശബരിമല ദര്‍ശനത്തിന് എത്തുന്നത് ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അഭ്യര്‍ഥിച്ചു. മീന മാസ പൂജയ്ക്കായി ക്ഷേത്രനട 13നു തുറക്കുകയാണ്. 18 വരെ പൂജകള്‍ ഉണ്ടാകും.






