ബീജിംഗ്- ചൈനയില്‍ കൊറോണ ബാധ നിരീക്ഷിക്കുന്നതിനായി ആളുകളെ താമസിപ്പിച്ച ഹോട്ടല്‍ തകര്‍ന്ന സംഭവത്തില്‍ മരണം പത്തായി. തെക്കുകിഴക്കന്‍ ചൈനയിലാണ് സംഭവം. കൊറോണ ബാധിത പ്രദേശങ്ങളില്‍നിന്നെത്തിയവരെ നിരീക്ഷിക്കുന്നതിനാണ് ഹോട്ടലില്‍ പാര്‍പ്പിച്ചിരുന്നത്.
ശനിയാഴ്ച വൈകിട്ട് തകര്‍ന്ന ഹോട്ടലില്‍ 71 പേര്‍ കുടുങ്ങിയിരുന്നുവെന്ന് എമര്‍ജന്‍സി മാനേജ്‌മെന്റ് മന്ത്രാലയം അറിയിച്ചിരുന്നു. ഇവരില്‍ രക്ഷപ്പെടുത്തിയവരുടെ നിലയും ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യം ഉയര്‍ന്നേക്കും. 23 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ഹോട്ടല്‍ തകരാനുണ്ടായ കാരണം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണ്. കെട്ടിട ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഔദ്യോഗിക സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏഴുനില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നുവെന്നും കെട്ടിടം തകരുന്നതിനു മിനിറ്റുകള്‍ക്ക് മുമ്പാണ് ഒരു തൂണില്‍ മാറ്റം വരുത്തിയിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2013 ല്‍ നിര്‍മിച്ച കെട്ടിടം പിന്നീട് 66 മുറികളുള്ള ഹോട്ടലാക്കി മാറ്റി 2018 ജൂണിലാണ് ഉദ്ഘാടനം ചെയ്തിരുന്നത്. ഹോട്ടല്‍ തകര്‍ന്ന തീരദേശ പട്ടണം ഫുജിയാന്‍ പ്രവിശ്യയിലാണ്.
കൊറോണ ബാധിത പ്രദേശങ്ങളില്‍നിന്നെത്തിയ 58 പേരെയാണ് നിരീക്ഷണത്തിനായി ഇവിടെ പാര്‍പ്പിച്ചിരുന്നത്. പുറത്തു പോകാന്‍ അനുവദിച്ചിരുന്നില്ല. പരിശോധനയില്‍ എല്ലാവര്‍ക്കും നെഗറ്റീവായിരുന്നു ഫലം. വൈറസ് പൊട്ടിപ്പുറപ്പെട്ട ഹുബെയ് പ്രവിശ്യയില്‍നിന്നുള്ളവരെ മറ്റു പട്ടണങ്ങളില്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കുന്നുണ്ട്. ഹോട്ടല്‍ തൊഴിലാളികളും ഒരു ഓട്ടോ ഷോപ്പിലെ ജീവനക്കാരും കെട്ടിടം തകരുമ്പോള്‍ അകത്തുണ്ടായിരുന്നു.






