കേരളത്തില്‍ വീണ്ടും കൊറോണ; അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം- കേരളത്തില്‍ വീണ്ടും പുതിയ കൊറോണ വൈറസായ കോവിഡ് 19 സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്കാണു പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. എല്ലാവരും പത്തനംതിട്ട സ്വദേശികളാണ്. ഇതില്‍ മൂന്നു പേര്‍ ഇറ്റലിയില്‍നിന്ന് എത്തിയവരാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇവരുടെ ബന്ധുക്കളാണ് വൈറസ് ബാധിച്ച മറ്റു രണ്ടുപേര്‍. പത്തനംതിട്ട റാന്നി ഐത്തല സ്വദേശികള്‍ ഇറ്റലിയില്‍നിന്ന് കഴിഞ്ഞ മാസം 29നാണ് നാട്ടിലെത്തിയത്.

ഖത്തര്‍ എയര്‍വേയ്‌സ് വെനീസ് ദോഹ ക്യൂആര്‍ 126 വിമാനത്തിലാണ് ഇറ്റലിയില്‍നിന്ന് ഇവര്‍ മടങ്ങിയെത്തിയത്.
വെനീസില്‍നിന്ന് ദോഹയിലെത്തിയ QR 126, ദോഹയില്‍നിന്ന് കൊച്ചിയിലെത്തിയ QR 514 എന്നീ വിമാനങ്ങളില്‍ ഫെബ്രുവരി 29ന് യാത്ര ചെയ്തവര്‍ കേരളത്തില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം ദിശ നമ്പറിലോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.  

വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അടിയന്തര യോഗം വിളിച്ചു. ഇന്നലെ രാത്രിയാണ് പരിശോധന പോസിറ്റീവ് ആയ കാര്യം അറിഞ്ഞതെന്ന് ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈറസ് ബാധിച്ച അഞ്ചു പേരെയും ഐസലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റി. ഇറ്റലിയില്‍നിന്നെത്തിയവര്‍ ബന്ധു വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ വീട്ടിലെ രണ്ടു പേര്‍ക്കാണ് ആദ്യം രോഗ ലക്ഷണങ്ങള്‍ കണ്ടത്.

ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ ഇവരില്‍നിന്നാണ് ഇറ്റലിയില്‍നിന്നെത്തിയവരെക്കുറിച്ച് വിവരം ലഭിച്ചത്. ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ ആളുകള്‍ തെറ്റായ രീതിയിലാണു പെരുമാറിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആശുപത്രിയിലേക്കു മാറാന്‍ തയാറായില്ല. ഇവരെ നിര്‍ബന്ധിച്ച് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സാംപിളുകള്‍ ശേഖരിച്ച് ഫലം വന്നപ്പോഴാണ് ഇവര്‍ക്കും വൈറസ് സ്ഥിരീകരിച്ചത്.

ഇറ്റലിയില്‍നിന്നു മടങ്ങിയെത്തിയവര്‍ നാട്ടിലെത്തിയ കാര്യം മറച്ചുവെച്ചിരുന്നു. ഇത്തരം നിലപാടുകള്‍ കുറ്റമായി കണക്കാക്കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇറാന്‍, ഇറ്റലി, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളില്‍നിന്നു മടങ്ങിയെത്തിയവര്‍ എത്രയും പെട്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം.

രോഗബാധിതര്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയതിനാല്‍ എറണാകുളം ജില്ലയിലും ജാഗ്രത പാലിക്കുന്നുണ്ട്.   ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി. വിദേശികള്‍ക്ക് ഹോട്ടലുകളില്‍തന്നെ പൊങ്കാലയിടാന്‍ സൗകര്യമൊരുക്കും. 25 ആരോഗ്യവകുപ്പ് സംഘങ്ങളാണ് ഇവിടെ നിരീക്ഷണത്തിനുള്ളത്.

 

 

Latest News