ഇറാനില്‍ കൊറോണ മരണങ്ങള്‍ക്ക് വേറെയും കാരണമെന്ന് റിപ്പോര്‍ട്ട്

തെഹ്‌റാന്‍- കൊറോണ വൈറസ് ബാധ തടയാന്‍ സഹായിക്കുമെന്ന പ്രചാരണം വിശ്വസിച്ച് ഇറാനില്‍ മദ്യം കഴിച്ചും നിരവധി പേര്‍ ആശുപത്രയിലായതായി റിപ്പോര്‍ട്ട്.

വ്യാവസായിക ആവശ്യങ്ങള്‍ക്കും കീടനാശിനിയായും ഉപയോഗിക്കുന്ന മെത്തനോള്‍ കഴിച്ചതിനെ തുടര്‍ന്നാണ് പലര്‍ക്കും വിഷബാധയേറ്റതെന്ന് ഇറാനിലെ ടോക്‌സിക്കോളജി പ്രൊഫസറെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
 
കൊറോണ മരണങ്ങളില്‍ വിഷമദ്യം കഴിച്ചുള്ള മരണങ്ങളുമുണ്ടൊന്നാണ് സൂചന.

വീടുകളില്‍നിന്ന് തയാറാക്കിയ മദ്യവും പലരും കഴിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിതെന്ന് വിശ്വസിച്ചാണ് പലരും മദ്യം കഴിച്ചതെന്ന് പ്രൊഫസര്‍ ഷാഹിന്‍ ഷാദ് നിയ ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെഹ്‌റിനോട് പറഞ്ഞു. അന്ധതക്കും ഹൃദയാഘാതത്തിനും മസ്തിഷ്‌കാഘാതത്തിനും കാരണമാകുന്നതാണ് വിഷമദ്യം.

തലസ്ഥാനമായ തെഹ്‌റാനിലെ ലോഗാം ആശുപത്രിയില്‍ ദിവസം മൂന്ന് വരെ വിഷമദ്യ കേസുകള്‍ എത്തുന്നുവെന്ന് ഇല്‍ന വാര്‍ത്താ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
1979 മുതല്‍ ഇറാനില്‍ മദ്യനിരോധമുണ്ടെങ്കിലും കള്ളവാറ്റ് പിടികൂടാറുണ്ട്.
കൊറോണ ബാധിച്ച് ഇതിനകം 145 പേര്‍ മരിച്ച ഇറാനില്‍ 5823 പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ കണക്ക്.

 

Latest News