Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കെതിരെ സൈബര്‍ അക്രമങ്ങള്‍  നയിച്ച് ചൈനയും, പാക്കിസ്ഥാനും

ന്യൂദല്‍ഹി- ഇന്ത്യയിലെ വെബ്‌സൈറ്റുകള്‍ക്ക് നേരെ സൈബര്‍ അതിക്രമങ്ങള്‍ നയിക്കുന്നത് ചൈനയും, പാകിസ്ഥാനുമാണെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ സിസ്റ്റങ്ങള്‍ തകര്‍ത്ത് ഒരു  ലക്ഷത്തിലേറെ ഇന്ത്യന്‍ വെബ്‌സൈറ്റുകളിലാണ് സൈബര്‍ അക്രമങ്ങള്‍ നടന്നിരിക്കുന്നത്. ഗുരുതരമായ സൈബര്‍ ഭീഷണിയാണ് ഈ അക്രമങ്ങളിലൂടെ നിലനില്‍ക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1,29,747 ഇന്ത്യന്‍ വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇലക്ട്രോണിക്‌സ് & ടെക്‌നോളജി മന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചതാണ് ഈ വിവരങ്ങള്‍. ഇന്ത്യന്‍ വെബ്‌സൈറ്റുകളും, സുരക്ഷാ ഫീച്ചറുകള്‍ക്കും നേരെ പതിവായി ഹാക്കിംഗ് നടത്തുന്ന ഏതാനും വിദേശ ഹാക്കര്‍മാരെ കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യയുടെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി പ്രതികരണ ടീമായ സിഇആര്‍ടിഇന്‍ പറയുന്നു.
ചൈനയ്ക്കും, പാക്കിസ്ഥാനും പുറമെ ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ്, റഷ്യ, സെര്‍ബിയ, തായ്‌വാന്‍ ടുണീഷ്യ എന്നീ രാജ്യങ്ങളും ഇന്ത്യക്കെതിരെ സൈബര്‍ അക്രമങ്ങള്‍ക്ക് പിന്നിലുള്ളതായാണ് കണ്ടെത്തല്‍. 2015ല്‍ ഇന്ത്യയിലെ 27,205 വെബ്‌സൈറ്റുകള്‍ക്കെതിരെ ഹാക്കിംഗ് നടന്നു. 2016ല്‍ ഇത് 33,000 ആയി. 2017ല്‍ 30,067 വെബ്‌സൈറ്റുകളും, 2018ല്‍ 17,560 വെബ്‌സൈറ്റുകളും, 2019ല്‍ ചുരുങ്ങിയത് 21,767 വെബ്‌സൈറ്റുകളും സൈബര്‍ അക്രമത്തിന് ഇരയായി. ഇന്ത്യയുടെ സൈബര്‍സുരക്ഷ ഉറപ്പാക്കാനായി വന്‍തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കേന്ദ്രം വ്യക്തമാക്കി. പുതുതായി ഉയരുന്ന ഭീഷണികളെക്കുറിച്ച് നിരീക്ഷിക്കാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ക്ക് ചുമതല നല്‍കി.

Latest News