തമിഴ്‌നാട് സര്‍ക്കാര്‍ വീഴുമോ? ദിനകരന്റെ നീക്കത്തില്‍ ഞെട്ടി അണ്ണാ ഡിഎംകെ

ചെന്നൈ- ശശികലയെ പിന്തുണയ്ക്കുന്ന അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ ചുവട് മാറിയതോടെ ഭൂരിപക്ഷം നഷ്ടമായ തമിഴ്‌നാട് സര്‍ക്കാരിനെ കൂടുതല്‍ പ്രതസിന്ധിയിലാക്കി ദിനകരന്റെ നീക്കം. പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ തന്നെ പിന്തുണയ്ക്കുന്ന 16 എം എല്‍ എ മാരെ ദിനകരന്‍ പുതുച്ചേരിയിലെ ഒരു റിസോര്‍ട്ടിലേക്കു കൊണ്ടു പോയി. ഇവരെ താമസിപ്പിക്കുന്ന റിസോര്‍ട്ടിന്റെ വിവരങ്ങള്‍ രഹസ്യമാണ്. കരുനീക്കങ്ങളുടെ ഭാഗമായി തന്റെ വിശ്വസ്തരായ മൂന്ന് എം എല്‍ എമാരെ ദിനകരന്‍ ചെന്നൈയില്‍ തന്നെ നിര്‍ത്തിയിട്ടുമുണ്ട്. തങ്ങള്‍ പാര്‍ട്ടി അംഗത്വം ഒഴിവാക്കിയിട്ടില്ലെന്ന് ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ ശശികല പക്ഷക്കാര്‍ പറയുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി പളനിസാമിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതായി വ്യക്തമാക്കുന്നുണ്ട്്. അഴിമതി ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉന്നയിച്ചിട്ടുണ്ട്.

19 എം എല്‍ എമാരുടെ പിന്തുണയുണ്ടായിരുന്ന ദിനകരന്റെ നേതൃത്വത്തിലുള്ള ശശികല പക്ഷത്തിന് ഇപ്പോല്‍ 22 എം എല്‍ എമാരുടെ പിന്തുണയുണ്ട്. ഒപിഎസ്, ഇപിഎസ് പക്ഷക്കാരായ 10 അംഗങ്ങള്‍ കൂടി ദിനകരനൊപ്പം ചേരുമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇതിനിടെ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കുക കൂടി ചെയ്തതോടെ പളനിസാമി സര്‍ക്കാരിന്റെ നിലനില്‍പ്പ് ആശങ്കയിലായിരിക്കുകയാണ്. സര്‍ക്കാര്‍ വിശ്വാസ വോട്ടു നേടണമെന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ കത്തു നല്‍കിയതോടെയാണ് ദിനകരന്‍ എംഎല്‍എമാരെ പുതുച്ചേരി റിസോര്‍ട്ടിലേക്കു മാറ്റിയത്.

ഒപിഎസ് പക്ഷവും സര്‍ക്കാരിനു നേതൃത്വം നല്‍കിയിരുന്ന ഇപിഎസ് പക്ഷം ഒന്നായി സര്‍ക്കാര്‍ വിപുലീകരിച്ചതോടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായെന്നും ദിനകരനും ശശികലയും വിവിധ കേസുകളില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ കടുത്ത തിരിച്ചടികള്‍ അവരുടെ ഭാഗത്തു നിന്നുണ്ടാവില്ലെന്നുമുള്ള വിശ്വാസമാണ് ഇതോടെ തകര്‍ന്നത്.

234 അംഗ നിയമസഭയില്‍ ജയലളിതയുടെ മരണ ശേഷം 233 അംഗങ്ങളാണുള്ളത്. ഇതില്‍ കേവല ഭൂരിപക്ഷത്തിന് 117 അംഗങ്ങളുടെ പിന്തുണ സര്‍ക്കാരിനു വേണം. എന്നാല്‍ 114 പേരുടെ പിന്തുണമാത്രമെ ഉറപ്പുള്ളൂ. ഇവരില്‍ തന്നെ ചിലര്‍ താമസിയാതെ ചുവടുമാറുമെന്ന അഭ്യൂഹം ശക്തവുമാണ്.

Latest News