Sorry, you need to enable JavaScript to visit this website.

പാർലമെന്റിന്റെ അന്തസ്സും വിശ്വാസ്യതയും

നമ്മുടെ പാർലമെന്റ് ഇപ്പോൾ ജനാധിപത്യത്തിന്റെ 'നടപടിദൂഷ്യ'ങ്ങളുടെ അസഹ്യമായ പ്രതീകമായി രൂപം മാറുകയാണ്.  കേരളത്തിൽനിന്നുള്ള നാലുപേരടക്കം ഏഴ് കോൺഗ്രസ് എം.പിമാരെ നടപടിദൂഷ്യം പറഞ്ഞ് ബജറ്റ് സമ്മേളനം കഴിയും വരെ സഭയ്ക്കു പുറത്തു നിർത്താനുള്ള തീരുമാനം അതാണ് കാണിക്കുന്നത്.  സ്പീക്കർ അധ്യക്ഷ വേദിയിൽ വരാതെ ചേംബറിലിരിക്കുകയും ബി.ജെ.പിയുടെ മാധ്യമ വക്താവായ മീനാക്ഷി ലേഖി സ്പീക്കറുടെ വേദിയിലിരുന്ന് ഇതു നിർവഹിക്കുകയും ചെയ്യുമ്പോൾ പ്രത്യേകിച്ചും. 
ഇതിനു പുറമെ മറ്റൊന്നു കൂടി സ്പീക്കറുടെ അസാന്നിധ്യത്തിൽ പ്രമേയം അംഗീകരിച്ച് ലോക്‌സഭ തീരുമാനിച്ചു. മാർച്ച് 2 മുതൽ 5 വരെ സഭ  തടസ്സപ്പെടുത്തിയവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ കമ്മറ്റിയെ നിയോഗിക്കാനുള്ള പ്രമേയം പ്രതിപക്ഷത്തിന്റെ എതിർപ്പിനിടയിൽ പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ചു. കുറ്റം ചെയ്തവരെ കണ്ടെത്തിയാൽ അവരുടെ അംഗത്വം റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോക്‌സഭയിലെ വൻ ഭൂരിപക്ഷം ഉപയോഗിച്ച് പ്രതിപക്ഷത്തിന്റെ വായ പൊത്തുക മാത്രമല്ല പരിമിതമായ  അവരുടെ സാന്നിധ്യം പോലും സഭയിൽ ഇല്ലാതാക്കാനാണ് ഭരണകക്ഷിയുടെ നീക്കമെന്നു വ്യക്തം. ഒരു കണക്കിന് കന്നിക്കാരനായ സ്പീക്കർ ഓം ബിർള ഈ ദിവസങ്ങളിൽ അധ്യക്ഷ വേദിയിൽ വരാതെ ദുഃഖിതനായി ചേംബറിലിരുന്നത് നന്നായി. സഭയുടെ വക്താവ് അധ്യക്ഷ പാനലിലെ അംഗങ്ങളല്ലെന്നും സ്പീക്കറാണെന്നുമാണ് സ്പീക്കറുടെ വെബ്‌സൈറ്റ് പറയുന്നത്. സഭാംഗങ്ങളുടെ അധികാരങ്ങളുടെയും അവകാശങ്ങളുടെയും മുഖ്യ വക്താവാണെന്നും. പോരാ, പാർലമെന്ററി അന്തസ്സ് പരിപാലിക്കുന്നതിന്റെ നാഥനും. പക്ഷേ, ഇതിനൊക്കെയുള്ള അധികാരം സ്പീക്കർ ആർജിക്കുന്നത് ഇന്ത്യൻ ഭരണഘടനയിൽനിന്നാണ്.  പാർലമെന്ററി കീഴ് വഴക്കങ്ങളിൽനിന്നും നടപടിക്രമങ്ങളിൽനിന്നും ലോക്‌സഭാ പെരുമാറ്റം സംബന്ധിച്ച നിയമങ്ങളിൽനിന്നുമാണ് എന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ചും പാലിച്ചുമാണോ പാർലമെന്ററികാര്യ മന്ത്രി ജോഷിയും പാനൽ അധ്യക്ഷ മീനാക്ഷി ലേഖിയും സ്പീക്കറെ ചേംബറിലിരുത്തി വ്യാഴാഴ്ച ലോക്‌സഭയിൽ ജനങ്ങൾ തെരഞ്ഞെടുത്തയച്ച ഏഴ് അംഗങ്ങളെ സഭയ്ക്കു പുറത്തേക്ക് തള്ളിയതെന്ന് ഇനി പ്രധാനമന്ത്രി മോഡി തന്നെ വിശദീകരിക്കേണ്ടിവരും.  
ജനാധിപത്യത്തിൽ കേന്ദ്ര സ്ഥാനത്ത് ജനങ്ങൾ തന്നെയാണ്.  ഭൂരിപക്ഷം നേടുന്ന കക്ഷിയോ അവർ തെരഞ്ഞെടുക്കുന്ന പ്രധാനമന്ത്രിയോ സ്പീക്കറോ അല്ല. ജനങ്ങളെ പ്രതിനിധീകരിച്ചാണ് തെരഞ്ഞെടുക്കപ്പെട്ട എം.പിമാർ ലോക്‌സഭയിലെത്തുന്നത്. തങ്ങളെ തെരഞ്ഞെടുത്തയച്ച ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിക്കാൻ അവസരം നിഷേധിക്കുമ്പോൾ ജനങ്ങളുടെ നിരാശയും ദുഃഖവും പ്രതിഷേധവുമാണ് അവർ പ്രകടിപ്പിക്കുന്നത്. നിയമസഭകളിൽനിന്ന് രാജ്യസഭയിലേക്ക് ജനപ്രതിനിധികൾ തെരഞ്ഞെടുത്തയക്കുന്ന എം.പിമാരുടെ കാര്യവും ഇതു തന്നെയാണ്.       

പതിവ് സാധാരണ വിഷയങ്ങൾ കൊണ്ടല്ല ബജറ്റ് സമ്മേളനം ഇത്തവണ തുടർച്ചയായി സ്തംഭിച്ചത്. ഭരണകക്ഷിയുടെ നേതൃത്വത്തിൽ ദൽഹിയിൽ നടത്തിയ വംശീയ കലാപം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു.
അമ്പത്തിമൂന്നു ആളുകളാണ് വെടിയേറ്റും വെന്തെരിഞ്ഞും കല്ലേറിലും മരണപ്പെട്ടത്.  വെടിയുണ്ടയേറ്റും കല്ലേറു കൊണ്ടും പരിക്കേറ്റവർ നൂറുകണക്കിൽ. ഇനിയും കാണാതായവരുടെ കൃത്യമായ കണക്കുപോലുമില്ല.  വീടുകൾക്കും സ്‌ക്കൂളുകൾക്കും ആരാധനാലയങ്ങൾക്കും തീവെച്ചു. കത്തിച്ചാമ്പലായ വാഹനങ്ങളുടെ ശ്മശാനമായി രാജ്യ തലസ്ഥാനം. ജനാധിപത്യ ബോധമുള്ള, മാനവികതക്കു വില കൽപിക്കുന്ന രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും ദൽഹിയിലെ വർഗീയാക്രമണം തടയണമെന്ന് ആവശ്യപ്പെടുന്നു. ഇത് തങ്ങളുടെ ആഭ്യന്തര കാര്യമാണെന്ന് മറുപടി പറഞ്ഞ് കേന്ദ്ര സർക്കാർ മുഖംതിരിക്കുന്നു. 
ജനങ്ങൾ ചോദിക്കാനും പറയാനും അവർക്കു വേണ്ടി അയച്ച പാർലമെന്റിൽ ഈ  വിഷയങ്ങളാകെ ചർച്ച ചെയ്യേണ്ടേ? അത് ആവശ്യപ്പെട്ട പ്രതിപക്ഷ എം.പിമാരാണോ മഹത്തായ ചരിത്രവും പാരമ്പര്യവുമുള്ള ഇന്ത്യൻ പാർലമെന്റിന്റെ അന്തസ്സ് തകർക്കുന്നത്. അതോ ദൽഹി കലാപം ചർച്ച ചെയ്തുകൂടെന്നു പറയുന്ന, അതിന് ഇനിയും സമയമുണ്ടെന്നു സുപ്രീം കോടതിയിൽ പോലും വാദിക്കുന്ന മോഡി ഗവണ്മെന്റാണോ നമ്മുടെ പാർലമെന്റിന്റെ വിശ്വാസ്യതയും വിലയും ഇടിച്ചുകളഞ്ഞത്.


ഒരാഴ്ച കടന്നുപോയിരിക്കുന്നു. സഭയിലെ പ്രതിഷേധം സമാധാനിപ്പിക്കാൻ പ്രധാനമന്ത്രി വരുന്നില്ല. ദൽഹിയുടെ ക്രമസമാധാന ചുമതലയുള്ള ആഭ്യന്തരമന്ത്രി അമിത് ഷാ അതിനു മുതിരുന്നില്ല. ഒടുവിലിപ്പോൾ സ്പീക്കർ പോലും ചേംബറിലിരുന്ന് സങ്കടപ്പെടുകയാണത്രേ. 
ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചപ്പോൾ കോൺഗ്രസ് വനിതാ അംഗം രമ്യാ ഹരിദാസിനെ ബി.ജെ.പി അംഗങ്ങൾ കൈയേറ്റം ചെയ്തു. സ്പീക്കറുടെ മുമ്പിൽ പൊട്ടിക്കരഞ്ഞാണ് രമ്യാ ഹരിദാസ് തന്റെ അനുഭവം വിവരിച്ചതും ബന്ധപ്പെട്ട എം.പിമാർക്കെതിരെ പരാതി നൽകിയതും. തന്റെ രാജി ആവശ്യപ്പെട്ടു പ്രതിഷേധിച്ച എം.പിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട്  ബി.ജെ.പി എം.പിമാരെ കൂട്ടി അമിത് ഷാ തന്നെ സ്പീക്കറെ കാണുകയായിരുന്നു!


ദൽഹി കലാപത്തിന്റെ ചർച്ചയുമായി ബന്ധപ്പെട്ടല്ല വ്യാഴാഴ്ച കോൺഗ്രസ് എം.പിമാർ നടുത്തളത്തിലിറങ്ങിയതും അവരിൽ ചിലർ സ്പീക്കറുടെ പോടിയത്തിൽ കയറിയതും.  ബി.ജെ.പി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയുടെ രാജസ്ഥാനിൽനിന്നുള്ള എം.പി ഹനുമാൻ ബേണിവാൽ സഭയുടെ അന്തസ്സിനു നിരക്കാത്ത പരാമർശം നടത്തി തീയിൽ എണ്ണയൊഴിച്ചപ്പോഴാണ്. കൊറോണ വൈറസ് ഇറ്റലിയിൽനിന്ന് പകരുന്നതുകൊണ്ട് ഇറ്റലിക്കാരിയായ സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പരിശോധനക്കു വിധേയരാക്കണമെന്ന്  ആക്ഷേപിച്ചതുകൊണ്ടാണ്. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ രണ്ടു പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങളാണ് അവരെന്നതു പോലും വിസ്മരിച്ച് സഭയുടെ അന്തസ്സ് കെടുത്തുകയാണ് രാജസ്ഥാൻ എം.പി ചെയ്തത്. 
ആ പരാമർശം സഭാ നടപടികളിൽനിന്നു നീക്കുമെന്നും അത്തരം തരംതാഴ്ന്ന പരാമർശങ്ങൾ നടത്തരുതെന്നും ഭരണപക്ഷത്തെ അംഗങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം പാർലമെന്ററികാര്യ മന്ത്രിക്കും സഭയിൽ അധ്യക്ഷയായിരുന്ന ബി.ജെ.പി വക്താവു കൂടിയായ മീനാക്ഷി ലേഖിക്കും ഉണ്ടായിരുന്നു. 


അതിനു പകരം സ്പീക്കറുടെ മേശപ്പുറത്തുനിന്ന്  ഒരു കടലാസ് വലിച്ചെടുത്ത് അമ്മാനമാടിയെന്നും  ഇത്തരമൊരു സംഭവം ചരിത്രത്തിൽ ആദ്യമാണെന്നും പറയുകയാണ് പാനൽ ചെയർമാനായ മീനാക്ഷി ലേഖി ചെയ്തത്. അതിന്റെ പേരിൽ ഏഴ് എം.പിമാരെ ഈ സമ്മേളന കാലം വരെ സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്യുന്ന തീരുമാനമാണ് പ്രഖ്യാപിച്ചത്.  സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കുറ്റം തെളിഞ്ഞാൽ എം.പിമാരുടെ അംഗത്വം തന്നെ റദ്ദാക്കുമെന്നുമാണ് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്. 
എന്നാൽ രമ്യാ ഹരിദാസിന്റെ പരാതിയിൽ നടപടിയുണ്ടായില്ല. അത് സഭയുടെ അന്തസ്സിന് ചേർന്നതാണോ എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.  കൊറോണ വൈറസ് പടരുന്നതിനെതിരായ പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകുകയാണെന്നു പറഞ്ഞാണ് പ്രധാനമന്ത്രി പാർലമെന്റിൽനിന്ന് വിട്ടുനിൽക്കുന്നത്. 
ദൽഹി കലാപത്തിന് പ്രേരണ നൽകിയത് കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂർ, കപിൽ മിശ്ര തുടങ്ങിയ  ബി.ജെ.പി നേതാക്കളാണ് എന്നതാണ് യഥാർത്ഥ പ്രശ്‌നം. കലാപം ബി.ജെ.പിയുടെ സൃഷ്ടിയാണെന്നതും. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇവർക്കെതിരെ ഉടനെ കേസെടുക്കുന്നത് തടയാൻ കേന്ദ്ര സർക്കാർ കഠിന ശ്രമം നടത്തി. അതിന്റെ തുടർച്ചയാണ് പാർലമെന്റിൽ ചർച്ച നീട്ടിക്കൊണ്ടുപോകുന്നത്. 


പ്രതിപക്ഷം ശക്തമായ രാജ്യസഭയിൽ നടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസമായി. ഒടുവിൽ ദൽഹി കലാപം മാർച്ച് 11 ന് ചർച്ച ചെയ്യാമെന്ന് ചെയർമാൻ വെങ്കയ്യനായിഡു സമ്മതിച്ചു. എന്നിട്ടും ലോക്‌സഭയിൽ സർക്കാർ വഴങ്ങിയില്ല. ഒടുവിൽ വ്യാഴാഴ്ച കാലത്താണ് സ്പീക്കർ കക്ഷിനേതാക്കളെ   വിളിച്ചത്. രാജ്യസഭയിലേതു പോലെ 11 ന് ചർച്ച അനുവദിക്കാമെന്ന് സമ്മതിച്ചത്.  എന്നാൽ ചർച്ച നേരത്തെയാക്കണമെന്ന് രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷം തുടർന്നും ആവശ്യപ്പെട്ടത് ന്യായം. എന്തുകൊണ്ട് ചർച്ച ഇത്തരമൊരു അടിയന്തര വിഷയത്തിൽ അടിയന്തരമായി നടത്തിക്കൂടാ. സഭ നിർത്തിവെച്ചു ചർച്ച ചെയ്യാനുള്ള വകുപ്പും ചട്ടവും ഉണ്ടായിരിക്കേ. 


പാർലമെന്റിന്റെ അന്തസ്സ് സംബന്ധിച്ച ബി.ജെ.പിയുടെ യഥാർത്ഥ സങ്കൽപം മറ്റൊന്നാണ്. 2005 ഡിസംബറിൽ രാജ്യസഭയിലെയും ലോക്‌സഭയിലെയും പത്ത് അംഗങ്ങൾ പണം സ്വീകരിച്ച് സഭയിൽ ചോദ്യങ്ങൾ ചോദിക്കുന്നതായി അനിരുദ്ധ ബാഹൽ ഒളിക്യാമറ ഉപയോഗിച്ച് വാർത്ത തെളിവു കൊണ്ടുവന്നു. ഗുരുതരമായ ഈ ആക്ഷേപം സംബന്ധിച്ച് വി കിഷോർ ചന്ദ്ര എസ് ദേവിന്റെ അധ്യക്ഷതയിൽ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. സഭയിലെ കക്ഷിനേതാക്കളുമായി ആലോചിച്ചായിരുന്നു തീരുമാനം. ഒളിക്യാമറയിൽ പിടികൂടിയ എം.പിമാരെ പുറത്താക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. സഭാനേതാവ് പ്രണബ് മുഖർജി അവതരിപ്പിച്ച പുറത്താക്കൽ പ്രമേയം സഭ അംഗീകരിക്കുകയും ചെയ്തു. പാർലമെന്റിന്റെ പ്രതിഛായ സാർവദേശീയ തലത്തിൽ ഉയർത്തുന്നതായിരുന്നു നടപടി. കുറ്റകൃത്യം തെളിയിക്കപ്പെട്ട സാഹചര്യത്തിൽ പൊതുജീവിതത്തിൽ സത്യസന്ധത ഉറപ്പു വരുത്താൻ കടുത്ത നടപടി ആവശ്യമാണെന്ന് സ്പീക്കർ സോമനാഥ് ചാറ്റർജി നിലപാടെടുത്തു. 


അന്വേഷണ റിപ്പോർട്ട് ലോക്‌സഭ ചർച്ച ചെയ്തപ്പോൾ പ്രതിപക്ഷ നേതാവ് എൽ.കെ അദ്വാനി കണ്ടെത്തലുകളോട് യോജിച്ചു.  എന്നാൽ പുറത്താക്കൽ നടപടിയെ ചോദ്യം ചെയ്തു. അത്രയും കടുത്ത നടപടി ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.  പുറത്താക്കപ്പെട്ട എം.പിമാരിൽ ഏറെ പേരും ബി.ജെ.പിയിൽനിന്നുള്ളവരായിരുന്നു.  ഇപ്പോൾ സ്പീക്കറുടെ മേശപ്പുറത്തെ കടലാസെടുത്ത് എറിഞ്ഞെന്ന് ആരോപിച്ച് ഏഴ് എം.പിമാരെ സഭയിൽനിന്നു പുറത്താക്കുന്നു. അംഗത്വം തന്നെ റദ്ദാക്കാൻ അന്വേഷണ കമ്മിറ്റിയെ നിയോഗിക്കുന്നു!
ജനങ്ങളെ ആക്രമിച്ചും ചുട്ടും കൊല്ലുന്നതാണോ സഭയുടെ അന്തസ്സ്, അതല്ല ആ വിഷയം സഭയിൽ ചർച്ച ചെയ്ത് സർക്കാർ വിശ്വസനീയമായ നടപടികളിലേക്ക് നീങ്ങുന്നതോ. അങ്ങനെ ചെയ്യുമ്പോൾ ബി.ജെ.പിയുടെ യഥാർത്ഥ  ഭരണ അജണ്ട മാറ്റിവെക്കേണ്ടിവരും. അതു സംഭവിക്കാതിരിക്കാൻ കൂടിയാണ് ഈ വെപ്രാളം.          

Latest News